KeralaNEWS

കാട്ടുപന്നികളുടെ സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്ക്; കർഷകൻ ദുരിതത്തിൽ

ചിറ്റാരിക്കാൽ: കാട്ടുപന്നിയുടെ കാഷ്ഠം പുരയിടത്തിൽ കണ്ടതിനാൽ  വായ്പ നിഷേധിച്ച് ബാങ്ക്. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ കർഷകനാണ് ദുരിതാനുഭവം.

കണ്ണിവയലിലെ മടുക്കാങ്കല്‍ എം.സി. മാനുവേലിനാണ് ബാങ്ക് വായ്പയ്ക്കുവേണ്ടി മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ പന്നിക്കാഷ്ഠത്തിന്‍റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടത്.

പാലാവയല്‍ വില്ലേജിലുള്ള രണ്ടേക്കർ സ്ഥലത്തിനാണ് കേരള ഗ്രാമീണ്‍ ബാങ്ക് ചിറ്റാരിക്കാല്‍ ശാഖയില്‍നിന്ന് മാനുവേൽ കാർഷികവായ്പയ്ക്ക് അപേക്ഷ നല്കിയത്.സ്ഥലത്തിന്‍റെ ആധാരം കാണിച്ചപ്പോള്‍ അടിയാധാരവും കുടിക്കട സർട്ടിഫിക്കറ്റും ഒഴിമുറിയുമുള്‍പ്പെടെ പതിനാറോളം രേഖകള്‍ വേണമെന്ന് ബാങ്ക് അധികൃതരും അഡ്വക്കേറ്റും ആവശ്യപ്പെട്ടു.

ഇതിലോരോന്നും സംഘടിപ്പിക്കാൻവേണ്ടി മാനുവേല്‍ മാസങ്ങളോളം വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. ഇതിനുമാത്രം 30,000 രൂപയോളം ചെലവായി. 500 രൂപയുടെ മുദ്രപ്പത്രവും വാങ്ങി സമർപ്പിച്ചു.എല്ലാം കഴിഞ്ഞപ്പോള്‍ 5,60,000 രൂപ വരെ വായ്പ ലഭിക്കാവുന്നതാണെന്ന് അധികൃതർ മാനുവേലിനെ അറിയിച്ചിരുന്നു.

ഇതിനുശേഷമാണ് വായ്പ അനുവദിക്കുന്നതിന്‍റെ അവസാനപടിയായി ബാങ്കിന്‍റെ ഫീല്‍ഡ് ഓഫീസർ മാനുവേലിന്‍റെ സ്ഥലം സന്ദർശിക്കാൻ വന്നത്. സ്ഥലമെല്ലാം നോക്കിക്കാണുമ്ബോഴാണ് പന്നിക്കാഷ്ഠം ശ്രദ്ധയില്‍പെട്ടത്. ഇത് ഏതു ജീവിയുടെ കാഷ്ഠമാണെന്ന് മാനുവേലിനോട് ചോദിച്ചപ്പോള്‍ കാട്ടുപന്നിയുടേതാണെന്നു പറയാൻ മാനുവേല്‍ മടിച്ചതുമില്ല.

പിന്നീട് ബാങ്കില്‍ പോയപ്പോഴാണ് കാട്ടുപന്നികളുടെ സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞത്. ഇക്കാര്യം രേഖാമൂലം എഴുതിനല്കണമെന്ന് മാനുവേല്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ തയാറായില്ല.

വായ്പ അനുവദിക്കുന്നതിനായി മാനുവേല്‍ സമർപ്പിച്ച രേഖകളെല്ലാം ബാങ്ക് മടക്കിനല്കുകയും ചെയ്തു. വ്യക്തമായ കാരണം പറയാതെ വായ്പ നിഷേധിച്ചതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാണ് മാനുവേലിന്‍റെ തീരുമാനം.

Back to top button
error: