തുടർതോല്‍വികളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വൻതുക പിഴ നല്‍കേണ്ടിവന്ന സംഭവവുമാണ് ആശാൻ എന്ന് ആരാധകർ വിളിക്കുന്ന വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണം.ഫുട്ബോള്‍ വൃത്തങ്ങളില്‍ ചർച്ച ചൂടുപിടിച്ചെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു സൂചനയും പുറത്തുവിടുന്നില്ല.
ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിലുള്ള കരാർ പ്രകാരം 2025 മേയ് 31 വരെ സ്ഥാനത്ത് തുടരാം. ഏഴ് സീസണുകളില്‍ പത്ത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് സീസണുകളിലായി വുകോമാനോവിച്ച് വലിയ കുഴപ്പമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ചുമതലയേറ്റ ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച സെർബ് പരിശീലകൻ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും ടീമിനെ എത്തിച്ചു. ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ചത് എന്നാൽ വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ നാലുകോടി രൂപ ടീമിന് പിഴ ചുമത്തി. പരിശീലകന് പത്തുമത്സരങ്ങളില്‍ വിലക്കും കിട്ടി. പിഴയുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് അന്താഷ്ട്ര തർക്കപരിഹാരകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഈ സംഭവവും ഐ.എസ്.എലിലെ തുടർതോല്‍വികളും ചേർത്തുവെച്ചാണ് വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കുന്നത്.
ചിതറിക്കിടന്ന ബ്ലാസ്റ്റേഴ്സിനെ വിജയതൃഷ്ണയുള്ള സംഘമാക്കിയ പരിശീലകനെ മാനേജ്മെന്റ് എളുപ്പത്തില്‍ കൈവിടില്ല എന്നാണ് ലഭിക്കുന്ന വിവരം. ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയില്‍ വൈകാരികബന്ധമുണ്ടാക്കാനും പരിശീലകന് കഴിഞ്ഞു.അതിനാൽത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഭയമാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ചയ്ക്ക് പിന്നിലെന്നതാണ് വാസ്തവം.
ഈ സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം.എന്നാൽ രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു.പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.നിലവിൽ 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം.എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു.കാരണം നാല് കളികൾ ഇനിയും ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുണ്ട്.