KeralaNEWS

കാസര്‍കോട്ടെ ബിജെപി കണ്‍വെൻഷനില്‍ പ്രവർത്തകരുടെ പ്രതിഷേധം

കാസർകോട്: ബിജെപി നേതൃത്വത്തിനെതിരെ സികെ പത്മനാഭൻ പൊട്ടിത്തെറിക്കുമ്ബോള്‍ ചർച്ചയാകുന്നത് മറ്റു പാർട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവർക്ക് നല്‍കുന്ന അമിത പ്രാധാന്യം.

എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വൻഷനിലായിരുന്നു നാടകീയ രംഗങ്ങള്‍.കണ്‍വെൻഷൻ ഉദ്ഘാടനം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതിലായിരുന്നു സികെപിയുടെ പരസ്യമായ പ്രതിഷേധം. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒത്തുചേർന്നതോടെ മീറ്റിംഗ് അലങ്കോലമായി.

കാസർകോട് ടൗണ്‍ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്ബോള്‍ സി.കെ.പത്മനാഭൻ കസേരയില്‍ നിന്ന് എഴുന്നേറ്റതുമില്ല. അനുനയത്തിന് നേതാക്കള്‍ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല.

Signature-ad

പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനെന്നു പറഞ്ഞ് സി.കെ.പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതില്‍ തനിക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹം നേതാക്കളോട് പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.

ഇങ്ങനെ വരുന്നവർക്ക് പാർട്ടിയില്‍ എന്തു സ്ഥാനമാണു നല്‍കേണ്ടത് എന്നതു സംബന്ധിച്ച്‌ വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയില്‍ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്ന് സി.കെ.പത്മനാഭൻ പറഞ്ഞു.

Back to top button
error: