ബംഗളൂരു: വിദേശവനിതയെ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അമൃത് സോന(22), റോബര്‍ട്ട്(26) എന്നിവരെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഉസ്ബെക്കിസ്താന്‍ സ്വദേശിയായ സെറീന ഉത്കിറോവ്ന(27)യെയാണ് മാര്‍ച്ച് 13-ാം തീയതി രാത്രി നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മൂക്കില്‍നിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരും പിടിയിലായത്.
മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികള്‍ കരുതിയത്. ഇത് കൈക്കലാക്കിയാല്‍ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബംഗളൂരുവിലെത്തിയത്. ട്രാവല്‍ ഏജന്റായ രാഹുല്‍ എന്നയാളാണ് യുവതിക്ക് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത്. മാര്‍ച്ച് 16-ാം തീയതി വരെ ഹോട്ടലില്‍ തങ്ങുമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. 5,500 രൂപയായിരുന്നു പ്രതിദിന വാടക. ഇതിനുപുറമേ ഹോട്ടലില്‍നിന്ന് കഴിക്കുന്ന ഭക്ഷണത്തിനും യുവതി പണം അടച്ചിരുന്നു.
ഓരോ ദിവസത്തെയും വാടകയും ഭക്ഷണത്തിന്റെ പണവും അതത് ദിവസങ്ങളിലാണ് യുവതി അടച്ചിരുന്നത്. ഹോട്ടല്‍ ജീവനക്കാരനും കേസിലെ പ്രതിയുമായ അമൃത് സോനയുടെ പക്കലാണ് യുവതി ഓരോ ദിവസത്തെയും ബില്‍ തുക കൗണ്ടറില്‍ അടയ്ക്കാനായി ഏല്‍പ്പിച്ചിരുന്നത്. ഒരിക്കല്‍ യുവതിയുടെ ബാഗില്‍ നിറയെ പണമുള്ളതും അമൃത് സോന ശ്രദ്ധിച്ചിരുന്നു. ഇത് കണ്ടതോടെയാണ് വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്ന് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് ഇത് കൈക്കലാക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
മാര്‍ച്ച് 13-ന് രാത്രി അറ്റക്കുറ്റപ്പണിയുണ്ടെന്ന് പറഞ്ഞാണ് പ്രതികളായ രണ്ടുപേരും യുവതിയുടെ മുറിയില്‍ പ്രവേശിച്ചത്. പിന്നാലെ തലയണ ഉപയോഗിച്ച് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. യുവതി മരിച്ചെന്ന് ഉറപ്പായതോടെ മുറിയിലുണ്ടായിരുന്ന ബാഗുകള്‍ അരിച്ചുപെറുക്കി. പക്ഷേ, ഒരു ഐഫോണും പണമായി 25,000 രൂപയും മാത്രമാണ് പ്രതികള്‍ക്ക് കിട്ടിയത്. കൂടുതല്‍ പണമില്ലെന്ന് മനസിലായതോടെ ഇതുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.
സംഭവദിവസം രാത്രി സെറീനയെ ഫോണില്‍ ലഭിക്കാത്തതിനാല്‍ ട്രാവന്‍ ഏജന്റാണ് ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ജീവനക്കാര്‍ മുറി തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുനിന്ന് ആരും യുവതിയുടെ മുറിയിലെത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിനിടെ, ഹോട്ടല്‍ ജീവനക്കാരായ അമൃതിനെയും റോബര്‍ട്ടിനെയും സംഭവദിവസം മുതല്‍ കാണാനില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പ്രതികളുടെ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷനും നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പിടികൂടിയത്.
ബംഗളൂരുവില്‍നിന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെയാണ് ഇരുവരെയും ഒളിയിടത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ബാഗില്‍നിന്ന് മോഷ്ടിച്ച ഐഫോണും 20,000 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ട യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിന്റെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. യുവതിയുടെ ആന്തരികാവയവങ്ങളും ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.