ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇന്നുമുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും. തുടർന്ന് സർക്കാരുകള്‍ക്ക് മേല്‍ നടപ്പിലാകുന്ന പ്രധാന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്…
- മന്ത്രിമാർക്കും മറ്റും അധികാരസ്ഥാനം ഉപയോഗിച്ച് വോട്ടിനെ സ്വാധീനിക്കുന്ന പ്രഖ്യാപനം നടത്തുന്നതിന് വിലക്ക് വരും.
- ഏതെങ്കിലും പദ്ധതികളുടെ ഉദ്ഘാടനത്തിനോ തറക്കല്ലിടുന്നതിനോ ഭരണാധികാരികള്‍ക്ക് കഴിയില്ല. എന്നാല്‍ സിവില്‍ സർവീസ് ഉദ്യോഗസ്ഥർക്ക് ഇത് നിർവഹിക്കാനാകും.
- റോഡുകളടക്കമുള്ള നിർമാണ പ്രവർത്തനങ്ങള്‍ നടത്തുമെന്ന വാഗ്ദാനം, കുടിവെള്ളമടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുവാൻ കഴിയില്ല.
- സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും മറ്റും നടത്തുക തിരഞ്ഞെടുപ്പ് കമ്മീഷനാകും.
- സർക്കാർ ഗ്രാന്റ്കളോ വിവേചന അധികാരമുള്ള ഫണ്ടുകളോ അനുവദിക്കാൻ ഭരണാധികാരികള്‍ക്കാകില്ല.
- തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് മന്ത്രിമാർക്കുംമറ്റും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കാൻ ആവില്ല. ഔദ്യോഗിക സന്ദർശനങ്ങളും വിലക്കുണ്ട്.
- സർക്കാർ ഗസ്റ്റ്ഹൗസുകള്‍ ബംഗ്ലാവുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഭരണകക്ഷി സ്ഥാനാർഥികള്‍ തങ്ങളുടെ കുത്തകകളാക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. സർക്കാർ താമസ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസുകളായോ പൊതുയോഗങ്ങള്‍ക്കോ ഉപയോഗിക്കരുത്.
- പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു ഖജനാവില്‍ നിന്ന് പണം മുടക്കി പരസ്യങ്ങള്‍ നല്‍കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ വാർത്തകളുടെ പക്ഷപാതപരമായ കവറേജിനായി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും ഭരണനേട്ടങ്ങളെ കുറിച്ചുള്ള പ്രചാരണത്തിനും നിയന്ത്രണമുണ്ട്.
1960-ല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്കായി ഏർപ്പെടുത്തിയ പെരുമാറ്റച്ചട്ടമാണ് 60വർഷത്തിന് ശേഷവും കാലാനുസൃതമായ മാറ്റങ്ങളോടെ രാജ്യത്ത് നിലനില്‍ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം.