KeralaNEWS

എസ്എഫ്‌ഐ മുന്‍ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്‍കാന്‍ നീക്കം. കായംകുളം എംഎസ്എം കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നല്‍കിയേക്കും.

പ്രിന്‍സിപ്പലിന്റെ പൂര്‍ണ ചുമതല നല്‍കുന്ന ഫയല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴചയുണ്ടായി എന്നു കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.

കോളജിനു ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തത്. സര്‍വകലാശാല റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍, ടിസി സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചു പ്രവേശനം നേടിയെന്നാണു കേസ്. തട്ടിപ്പില്‍ ജൂണ്‍ 23ന് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജൂണ്‍ 24ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ ഒളിവില്‍ പോയിരുന്ന നിഖിലിനെ സിപിഎം പുറത്താക്കിയിരുന്നു. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണു നടപടിയുണ്ടായത്.

ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Back to top button
error: