വളർത്തു നായകളോട് ചിലർക്ക് സ്വന്തം മക്കളേക്കാൾ വാത്സല്യമാണ്. തീൻ മേശയിലും കിടപ്പറയിലുമൊക്കെ നായകളെ ഒപ്പം കൂട്ടുന്നവരും അപൂർവ്വമല്ല. പക്ഷേ ഇത് എപ്പോഴാണ് അക്രമാസക്തരും അപകടകാരിയുമായി മാറുന്നതെന്ന് പ്രവചിക്കുക സാദ്ധ്യമല്ല. എന്തായാലും അപകടകാരികളായ 23 തരം വിദേശ ഇനത്തിലുള്ള നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പിറ്റ്ബുള്‍, അമേരികന്‍ ബുള്‍ഡോഗ്, റോട്ട് വൈലര്‍ അടക്കമുള്ള നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പന എന്നിവ തടയണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. മനുഷ്യജീവന് അപകടകാരികൾ എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനം എര്‍പ്പെടുത്തിയത്.
അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരികന്‍ ബുള്‍ഡോഗ്, ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, കൊകേഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, സൗത് റഷ്യന്‍ ഷെപേര്‍ഡ് ഡോഗ്, ടോണ്‍ജാക്, സാര്‍പ്ലാനിനാക്, ജാപനീസ് ടോസ, മാസ്ടിഫ്സ്, റോട്വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിൽ ഉള്‍പ്പെട്ട നായകള്‍.
ഈ വിഭാഗത്തിലുള്ള നായകള്‍ക്ക് ലൈസന്‍സോ പെര്‍മിറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്.
അപകടകാരികളായ നായകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍കാരിനോട് ഡെല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചില വിഭാഗം നായകളുടെ നിരോധനവും ഇതുവരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ഹൈക്കോടതിയെ സമീപിച്ചത്