IndiaNEWS

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ: പാചകവാതകത്തിനു പിന്നാലെ പെട്രോൾ- ഡീസൽ വിലയും കുറച്ചു

     അഭ്യൂഹങ്ങൾക്ക് അവസാനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടുരൂപയാണ് കുറച്ചത്. നാളെ (വെള്ളി) രാവിലെ 6 മണി മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

രാജ്യത്ത് പെട്രോൾ – ഡീസൽ വിലയിൽ 2 രൂപ കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പുതുക്കിയ വില മാർച്ച് 15 വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ – ഡീസൽ വിലയിൽ രണ്ടുരൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെളിയിച്ചുവെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

പല രാജ്യങ്ങളിലും ഇന്ധനവില ഉയർന്ന തോതിലാണെന്നും ഇന്ത്യയിൽ വില പെട്രോൾ – ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഇന്ധനവില ഉയർന്ന തോതിലാണെന്ന് മന്ത്രി പറഞ്ഞു.

വനിതാ ദിനത്തിൽ മുൻപ് ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ കുറച്ചിരുന്നു. 100 രൂപയാണ് കുറച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിലക്കുറവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകാനിരിക്കെയാണ് കേന്ദ്ര സർക്കാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പാചകവാതക വിലയിലും പെട്രോൾ – ഡീസൽ വിലയിലും കുറവ് വരുത്തിയത്.

Back to top button
error: