KeralaNEWS

”ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും; പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നിരട്ടി ഭൂരിപക്ഷം നേടും”

തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥി ഇതുപോലെ ചെന്നിറങ്ങിയിട്ടുണ്ടോ? വടകര ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. ഞങ്ങളുടെ ഒരു കണക്ക് കൂട്ടലുകളും പിഴയ്ക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കും. ഷാഫി നേടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കും -പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.

സിദ്ധാര്‍ത്ഥിന്റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചു. എന്നാല്‍, കൊയിലാണ്ടിയില്‍ അമലിനെ ഇടി വീട്ടില്‍ എത്തിച്ച് ആക്രമിച്ചു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. അതുകൊണ്ടാണ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താത്തത്. ഇനിയും തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനിയും തുടര്‍ന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് സംരക്ഷിക്കണം.

Signature-ad

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് വരെ എസ്.എഫ്.ഐ അക്രമത്തെ തള്ളിപ്പറയേണ്ടി വന്നു. ഒരു കാലത്ത് എസ്.എഫ്.ഐയുടെ ഗ്ലാമര്‍ താരമായിരുന്ന സുരേഷ് കുറുപ്പും എസ്.എഫ്.ഐയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ക്രിമിനല്‍ സംഘത്തെയാണ് സി.പി.എം വളര്‍ത്തിയെടുക്കുന്നത്. അവര്‍ എസ്.ഐയുടെ കരണത്തടിച്ചു. ടി.പിയുടെ തലച്ചോറ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ചാലക്കുടി എസ്.ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നാണ് എസ്.എഫ്.ഐ നേതാവ് പ്രസംഗിച്ചത്. കുട്ടികളെ കോളജില്‍ അയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്.

വയനാട്ടില്‍ നിന്നും അമ്മയെ കാണാന്‍ കൊച്ചിവരെ എത്തിയ സിദ്ധാര്‍ത്ഥിനെ ഭയപ്പെടുത്തി കോളജിലേക്ക് വിളിച്ചു വരുത്തി. അടി കിട്ടുമെന്ന ഭീതിയിലാണ് സിദ്ധാര്‍ത്ഥ് കോളജിലേക്ക് മടങ്ങിയത്. 130 കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. ഒരാള്‍ പോലും പുറത്ത് പറഞ്ഞില്ല. 130 കുട്ടികളുടെ മനസിനകത്തെ ഭീതിയുടെ ആഴമാണ് പിണറായി ഭരണം കേരളത്തിലെ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടാക്കിക്കൊടുത്തത്. ഇനിയും അക്രമം കാട്ടുമെന്ന വെല്ലുവിളിയാണ് കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ നിന്നും ഈ ക്രിമിനല്‍ സംഘടന ജനങ്ങളോട് ഉയര്‍ത്തുന്നത്.

നിരവധി സീറ്റുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് പോകും. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ ചെയര്‍മാനാണോ എന്നാണ് സംശയം. കോണ്‍ഗ്രസ് ഭരണപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത്. പക്ഷെ സി.പി.എം പ്രതിപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത്.

 

Back to top button
error: