LocalNEWS

കിഴക്ക് സൂര്യനുദിക്കുമെങ്കില്‍ ചാഴികാടന്റെ വിജയം സുനിശ്ചിതം: ബിനോയ് വിശ്വം

കോട്ടയം: ഈ ഭൂലോകത്തെ എല്ലാ പണവും ഒന്നിച്ചു വച്ച് വിളിച്ചാലും ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് തോമസ് ചാഴികാടനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഗ്യാരന്റിയാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുന്നക്കര മൈതാനത്ത് എല്‍ഡിഎഫ് ലോക്സഭ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു തൂക്ക് സഭ വന്നാല്‍ അദാനിമാര്‍ രംഗത്ത് വരും. അന്നത്തെ ദിവസം എംപിമാര്‍ക്ക് വില പറഞ്ഞാല്‍ കോണ്‍ഗ്രസ് എംപിമാര്‍ കൂടെ പോകില്ലെന്ന് എന്തുറപ്പുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു. മോദിക്കും ബിജെപിക്കും ഹല്ലേലൂയ പാടുന്ന കോണ്‍ഗ്രസാണിന്നുള്ളത്. ഗാന്ധിയേയും നെഹ്റുവിനെയും കോണ്‍ഗ്രസ് മറന്നു. ഇന്ത്യാ മുന്നണിക്ക് കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെങ്കില്‍ തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകാന്‍ അഡ്വാന്‍സ് വാങ്ങിയവരാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ബിജെപിയിലേക്ക് പാസ്പോര്‍ട്ട് എടുത്തുവച്ചിരിക്കുകയാണെന്നും വിഎന്‍ വാസവന്‍ പരിഹസിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ എ പ്ലസ് നേടിയ ഏക എംപി തോമസ് ചാഴികാടനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. 2029ല്‍ രാജ്യം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പോകുമോയെന്ന ആശങ്കപോലുമുണ്ട്. സംവാദമോ ചോദ്യങ്ങളോ ഇല്ലാതെ ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസനത്തിന്റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പറഞ്ഞു. എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാനായതും വൈവിധ്യമാര്‍ന്ന 282 പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താനായതും നേട്ടമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Signature-ad

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ലതിക സുഭാഷ്, രാഷ്ട്രീയ ജനതാദള്‍ പ്രതിനിധി സണ്ണി ജോസഫ്, കോണ്‍ഗ്രസ്- എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി സി ജോസഫ് എക്സ് എംഎല്‍എ, കേരള കോണ്‍ഗ്രസ്- ബി സംസ്ഥാന സെക്രട്ടറി പി ഗോപകുമാര്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗത്തിലെ ഡോ. ഷാജി കടമല, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ജിയാഷ് കരീം, ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് വിഭാഗം നേതാവ് സലീം വാഴമറ്റം, റെഡ്ഫ്ളാഗിലെ എം കെ ദീലീപ്, ജെഎസ്എസിലെ എം എം ദേവസ്യ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ശാസ്ത്രി റോഡിലെ സിഎസ്‌ഐ ബില്‍ഡിങിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

 

Back to top button
error: