CrimeNEWS

കട്ടപ്പന ഇരട്ടകൊലപാതകം, വിജയൻ്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി, കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഉടൻ തുടങ്ങും 

  കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് വിജയന്റെ മൃതദേഹം കണ്ടെത്തി..  ആറടിയോളം ആഴത്തിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒടിച്ചു മടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി അസ്ഥികൂടമായ നിലയിലായിരുന്നു മൃതദേഹം. വിജയനെ മറവ് ചെയ്യാൻ വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്ച്ചയിൽ മണ്ണ് നീക്കിയപ്പോൾ  കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തി. ഇത്ര താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതുദേഹം കാണാൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു.

ഒടുവിൽ വീണ്ടും കുഴിച്ച് മൃതദ്ദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Signature-ad

കട്ടപ്പന സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന നെല്ലിപ്പള്ളിൽ വിജയനും ഭാര്യ സുമയും പെട്ടന്നാണ് ഇവരിൽ നിന്നെല്ലാം അകന്നത്. പുറംലോകവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച് വീട്ടില്‍തന്നെ ഇവർ കഴിച്ചുകൂട്ടി. കുടുംബത്തില്‍ കയറിക്കൂടിയ നിധീഷാണ് എല്ലാവരില്‍ നിന്നും ഇവരെ അകറ്റിയത്.
അന്ധവിസ്വാസത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ചിരുന്ന വിജയനും, സുമയും പൂജാരിയായ നിധീഷിന്റെ  വരുതിയിലായി.
സാമ്പത്തിക അഭിവൃദ്ധി നേടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു നിധീഷിന്റെ ഇടപെടൽ.

വിജയന്റെ മകളിൽ  നിധീഷിന്  ഉണ്ടായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയതും മന്ത്രവാദത്തിന്റെ മറവിലാണത്രേ.
2016 ജൂലൈയിലായിരുന്നു ഇത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല.
കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കുഞ്ഞിനെ ഇവർ പണ്ട്  താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചു മൂടി.

2016ല്‍ വീടും സ്ഥലവും വിറ്റപ്പോഴും മറ്റാരും അറിഞ്ഞിരുന്നില്ല.
പിന്നീട് പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചശേഷമാണ് കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് മാറിയത്.  പലയിടങ്ങളിലായി സ്ഥിരമായി കാണാറുണ്ടായിരുന്ന വിജയനെ പിന്നീട് ആരും കണ്ടിട്ടില്ല. മകൻ വിഷ്ണുവിനെയും ചില സ്ഥങ്ങളില്‍ വളരെ വിരളമായി കണ്ടതൊഴിച്ചാല്‍ മറ്റാരുമായും യാതൊരു ബന്ധവുമില്ലാതെയായി. കക്കാട്ടുകടയിലെ വീട്ടിൽ പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാൻ സുമയെയും മകൾ വിദ്യയെയും നിധീഷും, വിഷ്ണുവും അനുവദിച്ചിരുന്നില്ല.

വിജയന്റെ മകളുടെ കൈയ്ക്കുള്ള തകരാറ് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയത്.  അതിനുശേഷം നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം അകലം പാലിച്ചു. ഒടുവിൽ വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങി.

വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണു നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയതത്രേ. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കും എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. വിജയൻ മാസങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ചു നിലത്തിട്ടശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണു പൊലീസ് നിഗമനം. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്തു മൃതദേഹം മൂടി.

മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്.  പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്നു ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണം മുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി. വിജയന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതായിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നത് അങ്ങനെയാണ്.
വിജയൻ്റെ മൃതദേഹം കണ്ടെത്തിയതായും  കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തന്നെ നടത്തുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.

Back to top button
error: