കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ രാവിലെ തന്നെ തെളിവെടുപ്പിനായി കാഞ്ചിയാറിൽ എത്തിച്ചു കഴിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ഇന്നലെ പറഞ്ഞിരുന്നു. നിധീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്ണുവിൻ്റെ പിതാവ് വിജയനേയും വിഷ്ണുവിൻ്റെ സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ട്.
വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ കൊലപ്പെടുത്തിയത് 2016 ലാണ്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. പക്ഷേ കുട്ടിയെ ഗന്ധർവന് നൽകണമെന്ന വ്യാജേനയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
പിന്നീട് കുഞ്ഞിന്റെ മൃതദേഹം പഴയ വീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം.
പിന്നീട് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചപ്പോൾ വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി നിതീഷ് കൊലപ്പെടുത്തി. പിന്നീട് ഭാര്യ സുമയുടെയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ നിതീഷ് മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടി.
പൂജാരിയായ നിതീഷിന്റെ നിയന്ത്രണത്തിലായിരുന്നു കുടുംബം. പൂജാകർമങ്ങളിളിലും ആഭിചാരക്രീയകളിലുമെല്ലാം വിശ്വസിച്ചിരുന്ന കുടുംബം നിതീഷ് പറയുന്നതെല്ലാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. സംഘംചേർന്ന് കൊലപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇന്നലെ നിധീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നിധീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് പ്രതി കുറ്റസമ്മതം നടത്തി. സഹോദരിയുടെ നാലുദിവസം പ്രായമായ നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. 9 മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തിയത്. മൃതദേഹം കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചിട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
നിധീഷിനെ രാവിലെ തന്നെ കാഞ്ചിയാർ കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തുകയാണ്. വീടിനുള്ളിൽ കുഴിച്ചുമൂടിയ വിജയൻ്റെ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കഴിഞ്ഞ രണ്ടാം തീയതിയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെയും നിധീഷ് രാജനെയും പോലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം പുറത്ത് കൊണ്ടു വന്നത്.