CrimeNEWS

കട്ടപ്പന ഇരട്ട കൊലപാതകം: നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി എന്ന് പ്രതിയുടെ കുറ്റസമ്മതം, വീടിനുള്ളിൽ കുഴിച്ചു മൂടിയ മൃതദേഹം നാളെ പുറത്തെടുക്കും

  കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിതീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി.

കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
പൊലീസ് എത്തിയപ്പോൾ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരിൽ നിന്ന് പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Signature-ad

വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിലാണ് 2016ൽ കുട്ടി ജനിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടതോടെ പൂജാരിയായ നിതീഷ് കുട്ടിയെ ഗന്ധർവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് പൂജയുടെ ഭാഗമായി കുട്ടിയെ നിതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് വിഷ്ണുവിന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും ലഭിച്ച വിവരം. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് ഈ സംഭവം.

തുടർന്ന് ഒരു കോടിയിലധികം രൂപയ്ക്ക് ഈ വീട് വിറ്റു. ഈ പണവുമായി വിഷ്ണുവിൻ്റെ  കുടുംബവും ഒപ്പം നിതീഷും ഒന്നിലധികം വാടക വീടുകളിൽ മാറി മാറി താമസിച്ചു. ഒടുവിലാണ് കാഞ്ചിയാറ്റിലെ വീട്ടിൽ എത്തുന്നത്. 2023 ആഗസ്റ്റിൽ ഈ വീട്ടിൽ വച്ച് വിഷ്ണുവിന്റെ പിതാവ് വിജയൻ കൊല്ലപ്പെട്ടു. കൂടാതെ കട്ടപ്പനയിലെ സ്ഥലം വിറ്റ വലിയ ഒരു തുകയും കാണാതായിട്ടുണ്ട്.

വിഷ്ണുവും, നിതീഷും മോഷണക്കേസിൽ അറസ്റ്റിലായത് മാർച്ച് രണ്ടിനാണ്.

പൊലീസ് വീടിനുള്ളിൽ മന്ത്രവാദത്തിന് തയ്യാറാക്കിയ കളങ്ങളും, സാമഗ്രികളും കണ്ടെടുത്തി. ശൂന്യമായ മറ്റൊരു മുറിയുടെ തറ സമീപകാലത്ത് കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതും ദുരൂഹത വർദ്ധിപ്പിച്ചു.

സഹോദരിയുടെ നാലുദിവസം പ്രായമായ നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ തന്നെ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. വിജയനെ കൊലപ്പെടുത്തി കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചുമൂടിയത്  9 മാസങ്ങൾക്ക് മുമ്പാണ് എന്നാണ് പ്രതിയുടെ കുറ്റസമ്മതം. പ്രതി നിധീഷിനെ  നാളെ (ഞായർ ) കസ്റ്റഡിയിൽ വാങ്ങി കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും. ഒപ്പം വീടിനുള്ളിൽ കുഴിച്ചുമൂടിയ മൃതദേഹം നാളെ പുറത്തെടുക്കും.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി നിതീഷ് പൂജാരിയാണ്. ആഭിചാരം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട് . പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ  സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: