IndiaNEWS

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ, കെ.സുധാകരൻ കണ്ണൂരിലും ശശി തരൂർ തിരുവനന്തപുരത്തും: കോൺഗ്രസ്  സ്ഥാനാർഥി ലിസ്റ്റിൽ ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സതീശനും  സുധാകരനും

   രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടും.  തിരുവനന്തപുരത്ത് ശശി തരൂരും  കണ്ണൂരിൽ കെ.സുധാകരനും മത്സരിക്കും.  ലോക്സഭാ തിരഞ്ഞെടുപ്പിലെ  കേരളത്തിൽ നിന്നുള്ള 16 കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇന്ന്  രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.  സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അറിയിച്ചു.

സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർ‌ന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടും. അതേസമയം ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചുള്ള ചര്‍ച്ചയിലേ രാഹുല്‍ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലുംകൂടി മത്സരിക്കുമോ എന്നറിയാന്‍ സാധിക്കുകയുള്ളൂ. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി,  കെ.സി വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്. ഗുജറാത്തിലാണ് ഇപ്പോൾ അദ്ദേഹം.

കേരളം, തെലങ്കാന, കർണാടക, ഛത്തിസ്​ഗ‍ഡ്, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. മുൻധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോൺഗ്രസിന്റെ  പ്രകടന പത്രികയുടെ കരട് ഖർഗെയ്ക്ക് കൈമാറി. ഇതിൽ സിഇസി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ യോ​ഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.

Back to top button
error: