തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (76) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിൽ ജനനം. എസ്ഡിവി സ്കൂളിലും എസ് ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെ നക്സലൈറ്റ് പ്രസ്‌ഥാനത്തിലേക്ക് ആകൃഷ്ടനായി.
നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയും വഹിച്ചു. പ്രേരണ, കോമ്രേഡ് എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദ്ദനത്തിന് ഇരയായി. നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽമോചിതനായ ഭാസുരേന്ദ്രബാബു എംഎൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു.
പിന്നീട് മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച ‘വർത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു.