KeralaNEWS

താനൂര്‍ ബോട്ട് അപകടം: ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ല

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ചികിത്സാ ധനസഹായം നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. അപകട സമയത്ത് സര്‍ക്കാര്‍ ചികിത്സ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പണം നല്‍കിയില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. കഴിഞ്ഞ മേയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്.

ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫീസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. കലക്ടര്‍ക്കും വില്ലേജ് ഓഫിസിലും പരാതി നല്‍കി. നഗരസഭയിലും പരാതി കൊടുത്തു. മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് കൊടുത്തു. എം.എല്‍.എ മുഖാന്തരവും കത്ത് നല്‍കി. എന്നിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു സഹായങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണെന്ന് ജാബിര്‍ പറയുന്നു.

സര്‍ക്കാരിന് ചികിത്സാസഹായം തരാന്‍ കഴിയില്ലെങ്കില്‍ അത് അറിയിക്കണം. എങ്കില്‍ മറ്റുള്ള സഹായങ്ങള്‍ ലഭ്യമാകും. ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് കുട്ടികള്‍ക്കുമായി 24 ലക്ഷം രൂപ ചെലവായെന്നും ജാബിര്‍ പറഞ്ഞു.

ജാബിറിന്റെ രണ്ട് സഹോദരങ്ങളുടെ ഭാര്യമാരും ഏഴ് മക്കളും ഉള്‍പ്പെടെ 11 പേരാണ് കുടുംബത്തില്‍നിന്ന് മരണപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ ജാബിറിന്റെ സഹോദരിയും മകളും ഉള്‍പ്പെടും. ഈ കുടുംബത്തിനും ധനസാഹയം ലഭിച്ചിട്ടില്ല. രണ്ടു വയസ്സുകാരി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ 16,000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ഇതുവരെ ധനസഹായം ഒന്നും ലഭിച്ചില്ല. കടം വാങ്ങിയും ലോണെടുത്തുമാണ് ചികിത്സ നടത്തുന്നതെന്ന് കുടുംബം പറയുന്നു.

അപകടം സംഭവിച്ച സമയത്ത് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികള്‍ക്ക് തെറാപ്പികള്‍ ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സ നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍, തുടര്‍ചികിത്സക്ക് പണം ഇല്ലാതായതോടെ തെറാപ്പികള്‍ അടക്കം മുടങ്ങുന്ന സാഹചര്യമാണെന്നും കുടുംബങ്ങള്‍ പറയുന്നു. നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.

 

Back to top button
error: