ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനം ശോഭാ സുരേന്ദ്രനെ ഒതുക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ഈ തിരഞ്ഞെടുപ്പോടെ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ അപ്രസക്തയാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതില്‍ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.
മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല.ബിജെപിയില്‍ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനില്‍ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. കെ മുരളീധരന്റെ വിമർശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നിരാശയില്‍ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ന് രാശിയുള്ള ദിവസമാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.