കട്ടപ്പനയ്ക്കടുത്ത് ഉപ്പുതറയിൽ വിഷം ഉള്ളിൽച്ചെന്ന് എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്‌സ് (14) ആണു മരിച്ചത്. ഉപ്പുതറ സെൻ്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർത്ഥിയായ അനക്സിനെ സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫെബ്രുവരി 5 തിങ്കളാഴ്ച വൈകിട്ടാണു കുട്ടിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ആദ്യം ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീടു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു.
സംഭവദിവസം ക്ലാസിൽ വച്ച് കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണു വിഷം കഴിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി. കുട്ടിയുടെ അച്ഛൻ്റെ അനുജനാണ് എത്തിയത്. അയാൾക്കൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കുക മാത്രമാണു ചെയ്തതെന്നു സ്‌കൂൾ അധികൃതർ പറയുന്നു. അനക്‌സിന്റെ സംസ്‌കാരം നടത്തി. അമ്മ: അമ്പിളി. സഹോദരി: അജീഷ.
മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് അറിയിച്ചു.