ഭാവഗായകന് ഇന്ന് എണ്‍പതാം പിറന്നാള്‍

മധുര ഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച പ്രിയഗായകന്‍ പി.ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീത ലോകത്ത് എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ് ഭാവഗായകന്റെ ശബ്ദം. കാതോരത്ത് കൂടുകൂട്ടിയ പ്രിയപ്പെട്ട പാട്ടുപെട്ടിയാണ് മലയാളത്തിന് പി.ജയചന്ദ്രന്‍. മലയാള ഗാനാശാഖയില്‍ പ്രണയത്തിന്റെ കൂട് കൂട്ടിയ പ്രിയപ്പെട്ടൊരാള്‍. ആ ശബ്ദം അങ്ങനെ കേട്ട് ഹൃദയം നിറക്കുന്നത് എത്രയെത്ര നേരങ്ങളിലാണ്.
പഴയ ആകാശവാണിയില്‍ നിന്ന് പുതിയകാലത്തിന്റെ സ്‌പോട്ടിഫൈയില്‍ എത്തുമ്പോഴും ആ സംഗീതത്താല്‍ ഹൃദയം ഒരിറ്റ് തുളുമ്പുന്നുണ്ട്. കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദം. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര ശബ്ദം.ആ പാട്ടുകള്‍ തുലാമഴപോലെ പെയ്തിറങ്ങി, ആത്മാവിലങ്ങനെ വേരു നാട്ടി. പാടുന്ന പാട്ടുകളൊക്കെയും കേള്‍വിക്കാരുടെ ചുണ്ടുകളില്‍ വീണ്ടും മൂളിക്കുന്ന മാന്ത്രികന്‍.
‘ഓലഞ്ഞാലിക്കുിരുവി’, ‘പൊടി മീശ മുളയ്ക്കണ കാലം’, ‘ശിശിരകാല മേഘമിഥുന’, ‘പൂവേ പൂവേ പാലപ്പൂവേ’, ‘പൊന്നുഷസ്സെന്നും’, ‘തേരിറങ്ങും മുകിലേ’, ‘സ്വയം വര ചന്ദ്രികേ’,’ആലിലത്താലിയുമായ്’, ‘നീയൊരു പുഴയായ്’,’ഇതളൂര്‍ന്നു വീണ’…അങ്ങനെ അങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു.
1944 മാര്‍ച്ച് മൂന്നിനായിരുന്നു ജയചന്ദ്രന്റെ ജനനം. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനങ്ങളില്‍ സംഗീതലോകം അഭിരമിച്ചു നില്‍ക്കുമ്പോഴായിരുന്നു പി. ജയചന്ദ്രന്റെ വളര്‍ച്ച. 1960 കളുടെ മധ്യം തൊട്ട് 1985 വരെ മലയാള ഗാനശാഖയില്‍ യേശുദാസ് എന്ന കൊടുങ്കാറ്റിന് മുന്നില്‍ അടിപതാറാതെ നിന്ന ഒരേയൊരു വന്‍മരം.ദേശവും കാലവും കടന്ന് ആ സ്വരമൊരു സ്വര്‍ണനദി പോലൊഴുകി.സംഗീതത്തിന് ഒരറ്റ ഭാഷയെന്ന് ആ സ്വരം കേള്‍പ്പിച്ചു. പാടി പാടി ആ ശബ്ദം മോഹിപ്പിക്കുകയാണ്. കേട്ട് കേട്ട് ആ ഭാവം മോഹിക്കുകയാണ്.






