പട്ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനെ തുടര്‍ന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കിയത്. എന്നാല്‍ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
ബിഹാറിലെ ധര്‍ബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുശീല്‍ കുമാര്‍ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തില്‍ തന്നെയുള്ള രാകേഷ് സഹ്നി എന്നയാള്‍ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയില്‍ പകര്‍ത്തുന്നതിന് വിളിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനാല്‍ സുശീലിന് മുഴുവന്‍ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നല്കിയതും. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ പ്രധാന റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇരുവശത്തേക്കും ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് ഒടുവില്‍ പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ അച്ഛന് പരാതി നല്‍കിയത് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.