KeralaNEWS

സുധാകരന്‍ മത്സരിച്ചേക്കില്ല; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിനും സാധ്യത

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതോടെ കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥി വരാന്‍ സാധ്യതയേറി. നിലവിലെ സിറ്റിങ് എംപിമാരില്‍ സുധാകരന്‍ മാത്രമാണ് മത്സരത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേതൃത്വം പൂര്‍ണ്ണ സമ്മതം നല്‍കിയിരുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിഗണിച്ചായിരുന്നു സുധാകരനുമേല്‍ മത്സരിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നത്. എന്നാല്‍, മത്സരത്തിനില്ലെന്ന് വീണ്ടും അറിയിച്ച സ്ഥിതിക്ക് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വത്തിന് കണ്ടെത്തേണ്ടി വരും.

മത്സര രംഗത്ത് നിന്ന് മാറി പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകാനാണ് സുധാകരന്‍ ഇപ്പോള്‍ എടുത്ത തീരുമാനമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ അറിയിച്ചു.

Signature-ad

അതേസമയം, തനിക്ക് പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്തിന്റെ പേരാണ് കണ്ണൂരില്‍ സുധാകരന്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ മത്സരിച്ചിരുന്ന വി.പി.അബ്ദുള്‍ റഷീദിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാന്‍ ആലപ്പുഴ-വയനാട്-കണ്ണൂര്‍ സീറ്റുകള്‍ സംബന്ധിച്ച ഫോര്‍മുല നിര്‍ണായകമാകും.

വയനാട്ടിലെ എം.പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിക്കുന്ന പട്ടികയായിരിക്കും സംസ്ഥാനത്തുനിന്ന് നിര്‍ദേശിക്കപ്പെടുന്നതെങ്കിലും അദ്ദേഹം ചിലപ്പോള്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് മത്സരിക്കാനും സാധ്യതയുണ്ട്. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നിലവില്‍ കോണ്‍ഗ്രസിന് മുസ്ലിം വിഭാഗത്തില്‍നിന്ന് എം.പിമാരില്ല. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ മുസ്ലിം വിഭാഗത്തില്‍നിന്നാകും സ്ഥാനാര്‍ഥി. ഒരുപക്ഷേ രാഹുലിന്റെ മണ്ഡലത്തിലേക്ക് കെ.സി മാറാനുള്ള സാധ്യതയും തള്ളാനാകില്ല. രാഹുല്‍ മത്സരിച്ചാല്‍ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്ലിം സ്ഥാനാര്‍ഥി വരണം. ആലപ്പുഴയില്‍ ഈ പരീക്ഷണം കഴിഞ്ഞ പ്രാവശ്യം പരാജയപ്പെട്ടതിനാല്‍ കണ്ണൂരിലാകും സാധ്യത.

സംഘടനാ ചുമതലയുടെ ഭാരംമൂലം ആലപ്പുഴയില്‍ വേണുഗോപാല്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനാണ് മുന്‍തൂക്കം. അല്ലെങ്കില്‍ അനില്‍ ബോസിനും സാധ്യതയുണ്ട്. മൂന്ന് സീറ്റില്‍ പുതിയ സ്ഥാനാര്‍ഥി വരുകയാണെങ്കില്‍ സാമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

നിലവിലെ എം.പിമാര്‍ മത്സരിക്കട്ടെയെന്ന പൊതുനിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ മാറ്റേണ്ടിവരുമെന്ന സര്‍വേ റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. പ്രത്യേകിച്ച് എല്‍ഡിഎഫിന്റെ പട്ടിക കണക്കിലെടുത്ത് മൂന്നു സീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റണം എന്ന നിര്‍ദേശം സര്‍വെ ടീം നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്

Back to top button
error: