IndiaNEWS

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ റെയില്‍വേ

ന്യൂഡൽഹി: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുന:സ്ഥാപിച്ചത്.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ ട്രെയിനുകളായാണ് ആരംഭിച്ചത്. മിനിമം ചാര്‍ജ് എക്സ്പ്രസ് ട്രെയിനുകളുടെ ചാര്‍ജായ 30 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.

Signature-ad

പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. യുടിഎസ് ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

അതേസമയം പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയില്‍നിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവില്‍ വന്നു.പാലക്കാട് ഡിവിഷനില്‍ ഇന്നലെ മുതല്‍ 10 രൂപ മുതലുള്ള സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകള്‍ ലഭിച്ച്‌ തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനില്‍ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല.

പാലക്കാട് ഡിവിഷനില്‍ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍റിംഗ് മെഷീൻ കൗണ്ടറുകളിലും യുടിഎസ് ആപ്പ് വഴിയും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കു ന്നുണ്ട്.എന്നാല്‍, തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷൻ കൗണ്ടറുകളില്‍ ഇന്നലെയും പാസഞ്ചറിന്‍റെ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കിയത്.

നിരക്ക് കുറച്ചുള്ള അറിയിപ്പുകളൊന്നും തങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഡിവിഷനിലെ കൊമേർസ്യല്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

Back to top button
error: