മൂപ്പെത്തുംമുമ്പ് പറിച്ചെടുത്ത പഴങ്ങൾക്ക് നിറം ലഭിക്കാൻ രാസവസ്തു ഉപയോഗിക്കുന്നതായി റിപ്പോർട്ട്.ചൂടുകാലത്ത് നല്ല വില്‍പ്പന ലഭിക്കുമെന്നതിനാല്‍ തണ്ണിമത്തനിൽ ഉൾപ്പെടെയാണ് ഇത്തരത്തില്‍ രാസവസ്തു ചേർത്ത് പഴുപ്പിക്കുന്നത്.
കാത്സ്യം കാര്‍ബൈഡ് (സി എ സി2)എന്ന രാസവസ്തുവാണ് നല്ലവണ്ണം മൂപ്പെത്താത്ത പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെതന്നെ ഒരുതരം കല്ലും ഉപയോഗിക്കുന്നുണ്ട്. തണ്ണിമത്തനില്‍ ചുവപ്പ് നിറം കിട്ടാന്‍ രാസപദാര്‍ഥം കുത്തിവെക്കുന്നതായ പരാതി വ്യാപകമായി ഉയര്‍ന്നിട്ടും കേരളത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം അറിഞ്ഞമട്ടില്ല.
മലപ്പുറത്ത് കഴിഞ്ഞ ദിവസം കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചിരുന്നു.പുതുപൊ ന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്.വല്ലാത്ത ദുർഗന്ധവുമായിരുന്നു ഇതിനെന്ന് വീട്ടുകാർ പറയുന്നു.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.തൊലിപ്പുറത്തെ ചൊറിച്ചില്‍, ക്യാന്‍സര്‍, കുടല്‍പ്പുണ്ണ് എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് കാത്സ്യം കാര്‍ബൈഡ് എന്നാണ് വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിരമായി ഇത്തരം പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാകുമെന്നും നെഞ്ച്‌വേദനയടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
വേനൽ ആരംഭിച്ചതോടെയാണ് കൃത്രിമമായി പഴുപ്പിച്ച് പഴങ്ങള്‍ വില്‍പ്പന നടത്തുന്നത് വര്‍ധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, ദിണ്ഡിഗല്‍, കൃഷ്ണഗിരി, ധര്‍മപുരി, ആന്ധ്രപ്രദേശ്, കേരളത്തിലെ മുതലമട അടക്കമുള്ള വിവിധ പ്രദേശങ്ങളിലും ഇപ്പോള്‍ മാങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങളോളം കടകളുടെ പെട്ടികളില്‍ സൂക്ഷിക്കുന്ന മാങ്ങയടക്കമുള്ള പഴങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നത് രാസവസ്തു ഉപയോഗിച്ച് പഴുപ്പിക്കുന്നത് കൊണ്ടാണ്.
കേരളത്തിലെത്തുന്ന പഴങ്ങള്‍ പരിശോധിക്കാന്‍ ഇവിടത്തെ ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തിറങ്ങിയാല്‍ രോഗങ്ങള്‍ പരത്തുന്ന പഴങ്ങളുടെ വില്‍പ്പന തടയാനും ഇതിലൂടെ രോഗപ്രതിരോധം നടത്താനും കഴിയും.