IndiaNEWS

പിണങ്ങി  താമസിച്ചിരുന്ന ഭാര്യയുമായി ഒത്തുതീർപ്പിനെത്തി, തീവ്രവാദിയും എൻഐഎ കേസിലെ പ്രതിയുമായ തമിഴ്നാട് സ്വദേശി കൂട്ടാളികൾക്കൊപ്പം തിരുവനന്തപുരത്ത് അറസ്റ്റിൽ

    പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽനിന്ന് തലസ്ഥാനത്തെത്തിയ എൻഐഎ കേസിലെ പ്രതിയും കൂട്ടാളികളും റിമാൻഡിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. തമിഴ്നാട് സ്വദേശി സാദിഖ് പാഷയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരുമാണ് റിമാൻഡിലായത്. എൻഐഎ റജിസ്റ്റർ ചെയ്തത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി സാദിഖ് പാഷയേയും കൂട്ടരെയും  കഴിഞ്ഞ ദിവസമാണു വ്യാജരേഖ ചമച്ച കുറ്റം ചുമത്തി വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സാദിഖ് പാഷ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് തമിഴ്നാട്ടിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പൊലീസുകാർക്കു നേരെ തോക്കു ചൂണ്ടിയ കേസിൽ അടുത്തിടെ റിമാൻഡിലായി. ആ കേസിൽ ജാമ്യം നേടിയാണ് കേരളത്തിലേക്ക് എത്തിയത്. ഐ.എസ്, അൽഖായിദ എന്നിവയുടെ ആശയ പ്രചാരകനാണ് എന്നും എൻഐഎ കണ്ടെത്തി. നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരാണ് പാഷയ്ക്കൊപ്പം റിമാൻഡിലായവർ. ഇവരും തമിഴ്നാട് സ്വദേശികളാണ്. ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക വിവരമാണ് പൊലീസിന് ലഭിച്ചത്.

Signature-ad

സാദിഖ് പാഷയുടെ ഭാര്യയുടെ വീട് വട്ടിയൂർക്കാവിലാണ്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയതായിരുന്നു. ഒപ്പം പോകാൻ ഭാര്യയ്ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ വാക്കുതർക്കമായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

സാദിഖിനൊപ്പം ഉണ്ടായിരുന്ന ആളുടെ സഹോദരൻ തമിഴ്നാട് പൊലീസിലാണെന്നും, ഈ പൊലീസുകാരന്റെ വാഹനത്തിലാണ് സ്റ്റിക്കർ പതിച്ചിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. വാഹന ഉടമയുടെ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ്.

Back to top button
error: