തിരുവനന്തപുരം: വ്യാജ കേസുകളില്‍ പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകളുടെ ക്രൂര മനസ് മാറാന്‍ വേണ്ടി പൊങ്കാലയിട്ട് കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയിലുള്ള ഒരു വിഭാഗം പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. വ്യാജ ഗാര്‍ഹീക പീഢന പരാതികളും സ്വന്തം മക്കളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതികളും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് എതിരെ നല്‍കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹി പറയുന്നു.
ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്ന പുരുഷന്മാര്‍ക്ക് നീതി ലഭിക്കാനും ഇത്തരത്തിലുള്ള സ്ത്രീകളുടെ ക്രൂരമനസ് മാറാനും വേണ്ടിയാണ് പൊങ്കാലയിട്ടത് എന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. എല്ലാ വൃതവും അനുഷ്ടിച്ചാണ് പൊങ്കാലയിട്ടതെന്നും ഇവര്‍ പറയുന്നു. 11 കലം ഇടാനായിരുന്നു തീരുമാനം. ഇതിനായി സ്ഥലവും പിടിച്ചിരുന്നു. എന്നാല്‍, അവിടെ സ്ത്രീകള്‍ കയറി അടുപ്പ് കൂട്ടിയതോടെ 3 കലത്തിലേക്ക് ചുരുക്കിയെന്നും ഇവര്‍ പറഞ്ഞു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയല്ലെന്നും കഴിഞ്ഞ കൊല്ലവും പൊങ്കാല ഇട്ടിരുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
നേരത്തേ, കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ വവാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്.
യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്‍കുമെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരിച്ചത്.