ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭരണഘടനാ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു.
ബംഗളൂരുവില്‍ ‘ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ദി യൂണിറ്റി ഓഫ് ഇന്ത്യ’ എന്ന വിഷയത്തില്‍നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണെന്ന് അറിയിച്ചെങ്കിലും കാരണം ബോധിപ്പിക്കാതെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന് നിടാഷ ‘എക്‌സി’ല്‍ പോസ്റ്റ്‌ചെയ്തു. ശരിയായ പാസ്പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂര്‍ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് ആരോപണം.
കശ്മീരി പണ്ഡിറ്റായ നിടാഷ കൗള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിനാലാണ് ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറഞ്ഞതായി നിടാഷ പറഞ്ഞു. വിമാനത്താവളത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി ലണ്ടനിലാണ് നിടാഷ കൗള്‍ താമസിക്കുന്നത്.