വാസ്‌കോ ഡ ഗാമ: ഐ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബ്. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്.
ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളില്‍ കേരളം വിജയത്തേരേറുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ നായകന്‍ അലെക്‌സ് സാഞ്ചെസും 19-ാം മിനിറ്റില്‍ അഭിജിത്ത് കുറുങ്ങോടനും നേടിയ ഗോളുകളാണ് ടീമിന് നിര്‍ണായകമായത്.ചര്‍ച്ചിലിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഓഗാന ലൂയിസ് ആശ്വാസ ഗോള്‍ കണ്ടെത്തി. കളിക്ക് 49 മിനിറ്റെത്തിയപ്പോഴായിരുന്നു ഈ ഗോള്‍.
ജയത്തെ തുടര്‍ന്ന് ഗോകുലം കേരളയ്‌ക്ക് 32 പോയിന്റുകളായി. ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് ടീം ഒമ്പത് വിജയങ്ങള്‍ നേടി. അഞ്ചെണ്ണത്തില്‍ സമനില പിടിച്ചു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഗോകുലത്തിന് തൊട്ടുമുന്നിലുള്ള ഏക ടീം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാത്രമാണ്. ഗോകുലത്തെക്കാള്‍ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അവര്‍.