KeralaNEWS

ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല; മലപ്പുറം മുന്നിൽ

മലപ്പുറം: ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളില്‍വെച്ചുള്ള പ്രസവം കുറയുന്നില്ല.സംസ്ഥാനത്ത് മലപ്പുറമാണ് ഇക്കാര്യത്തിൽ മുന്നിൽ.

കഴിഞ്ഞദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചത് ചര്‍ച്ചയാകവെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടില്‍ പ്രസവിക്കേണ്ടിവന്ന പൂന്തുറ സ്വദേശിനി ഷമീറയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ഇടപെട്ടാലും ഗര്‍ഭിണികളായവരെ ആശുപത്രിയിലെത്തിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകില്ല. കടുത്ത മതവിശ്വാസമാണ് ഇവരെ ആശുപത്രിയില്‍ നിന്നും അകറ്റുന്നത്. ഇവരില്‍ ഭൂരിഭാഗവും വാക്‌സിനുകളോട് മുഖംതിരിക്കുന്നവരുമാണ്.

Signature-ad

മലപ്പുറത്ത് വീടുകളില്‍ പ്രസവം നടത്താന്‍ രഹസ്യ സംഘങ്ങൾ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക പാക്കേജോടുകൂടിയാണ് പ്രതിഫലം ഈടാക്കുക. പ്രസവമെടുക്കുന്നതിനും ഒരാഴ്ചത്തെ പരിചരണത്തിന് ഇത്ര തുകയെന്ന് ആദ്യം തന്നെ കരാര്‍ ഉറപ്പിക്കും.

മലപ്പുറത്ത് ഇത്തരം സംഘങ്ങള്‍ വ്യാപകമായതോടെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഇവിടേക്ക് പ്രസവത്തിനായി എത്തുന്നവരും ഏറെയാണ്. മലപ്പുറത്ത് വളവന്നൂര്‍, താനാളൂര്‍, ചെറിയമുണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ബന്ധുക്കളെന്ന വ്യാജേനയാണ് ഇവരെത്തുക. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം തുടങ്ങി മറ്റു ജില്ലകളില്‍നിന്നൊക്കെ ആളുകള്‍ ഇവിടെ വന്ന് പ്രസവിച്ചു പോകുന്നുണ്ട്. ലക്ഷദ്വീപില്‍ നിന്നുവരെ പ്രസവിക്കാന്‍ മലപ്പുറത്തേക്കു വന്നതായി സൂചനയുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.

പരമ്ബരാഗത രീതിയിലുള്ള വയറ്റാട്ടികളാണ് പ്രസവമെടുക്കുന്നതെന്നതിനാല്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പ്രസവത്തില്‍ തടസ്സം, താമസം, രക്തസ്രാവം എന്നിവയുണ്ടായാല്‍ രണ്ടുപേരുടെയും ജീവനുതന്നെ ഭീഷണിയാകാം. അമ്മയ്ക്ക് രക്തസമ്മര്‍ദം കൂടിയാല്‍ അപസ്മാരം, കോമയിലാവല്‍, മരണം എന്നിവയ്ക്കു സാധ്യതയുണ്ട്. കുഞ്ഞിന് ശ്വാസതടസ്സം വന്നാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ കുറഞ്ഞ് പഠനവൈകല്യം, പെരുമാറ്റപ്രശ്നങ്ങള്‍ എന്നിവയും ഭാവിയില്‍ ഉണ്ടാവാം.

കൂടുതല്‍ ശ്രദ്ധയും ശുശ്രൂഷയും ലഭിക്കാന്‍ വീട്ടില്‍ നിന്നുള്ള പ്രസവം ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായിട്ടുള്ളതാണ്.എന്നാൽ ഈ കാര്യങ്ങളിലെ കണക്കുകള്‍ മലയാളികളെ ലജ്ജിപ്പിക്കുന്നു.

അത്യാധുനിക സൗകര്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്തെമ്ബാടുമുണ്ട്. എന്നാല്‍, വീടുകളില്‍ പ്രസവം നടക്കുന്ന കാര്യത്തില്‍ കേരളം പിന്നോട്ടു പോവുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Back to top button
error: