KeralaNEWS

10 മണ്ഡലങ്ങൾ ഉറപ്പ്; ബാക്കി നോക്കാമെന്ന് സിപിഐഎം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക  പുറത്ത് വന്നിരിക്കെ ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎമ്മിന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ.
കണ്ണൂര്‍ , വടകര , കോഴിക്കോട് , ആലത്തൂര്‍ , പാലക്കാട് , ചാലക്കുടി , ആറ്റിങ്ങല്‍ , ആലപ്പുഴ, പത്തനംതിട്ട , ഇടുക്കി മണ്ഡലങ്ങളിലാണ് സിപിഐഎം വിജയസാധ്യത കാണുന്നത് . ഇവിടങ്ങളിൽ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നതും.
രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ , പ്രത്യേകിച്ച്‌ സി.പി.എം എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പൊരുതുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും മുന്നിലുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട്  പരമാവധി എം.പി മാരെ വിജയിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച്‌ അനിവാര്യമാണ്.
അതിനാൽ തന്നെ കേരളത്തില്‍ നിന്നും നല്ല പ്രാതിനിധ്യമാണ് ഇത്തവണ സി.പി.എം പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നും എം.പിമാര്‍ ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ഇത്തവണ സി.പി.എം സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എം കര്‍ഷക സംഘടനയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയില്‍ നിന്നും  സി.പി.എമ്മിന് ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കും. ത്രിപുരയിലെ രണ്ട് സീറ്റുകളില്‍ ഒന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. ഈ പറഞ്ഞതില്‍ പകുതി കാര്യങ്ങള്‍ നടന്നാല്‍ പോലും ,ദേശീയ പദവി സി.പി.എമ്മിന് നഷ്ടമാകുകയില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും , ശബരിമല വിഷയവുമാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റുകളും തൂത്തുവാരാന്‍  യു.ഡി.എഫിനെ സഹായിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് വിലയിരുത്തി  ഇത്തവണ എന്തായാലും കേരളം യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. അതു പോലെ തന്നെ  ശബരിമല വിഷയവും  ഈ തിരഞ്ഞെടുപ്പില്‍ ഏശുകയില്ല.

 

Signature-ad

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത് തീവ്ര ഹിന്ദുത്വ വാദികളായ നരേന്ദ്ര മോദി സര്‍ക്കാറിനെ ചെറുക്കാനുള്ള ആര്‍ജ്ജവം ആര്‍ക്കാണെന്നതാണ്. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായതോടെ ഇനി മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നോക്കുക ഇതാണ്.കേരളത്തിൽ തീർച്ചയായും ഇക്കാര്യത്തിൽ മേല്‍ക്കോയ്മ ഇടതുപക്ഷത്തിനു തന്നെയാണ് ഉണ്ടാവുക. ഇടതിന് അനുകൂലമായ പ്രധാന രാഷ്ട്രീയ സാഹചര്യവും  ഇതു തന്നെയാണ്.

 

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയും പൂർത്തിയായി.പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനില്‍കുമാറിനെ മാവേലിക്കരയിലും വി.എസ്. സുനില്‍ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം.

 

 

എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോണ്‍ഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോണ്‍ഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി.നിലവിൽ 15 സീറ്റാണ് കേരളത്തിൽ നിന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.അതിനപ്പുറം പോകുമെന്നാണ് ഇപ്പോൾ സിപിഐഎം നൽകുന്ന സൂചന.ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയങ്ങളും സിപിഐഎമ്മിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Back to top button
error: