NEWS

സത്യനാഥന് വിട നൽകി നാട്, കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള 6 മുറിവുകൾ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

    ജന്മനാടായ പെരുവട്ടൂരിലെ വീട്ടു വെളപ്പിൽ  രാത്രി എട്ടരമണിയോടെ സത്യനാഥന്റെ ചിതയ്ക്കു തീ കൊളുത്തി. നൂറുകണക്കിന് പേരാണ് സത്യനാഥനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. മുതിർന്ന  സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

പി.വി സത്യനാഥന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ്  പങ്കെടുത്തത്. വെങ്ങളം മുതൽ കൊയിലാണ്ടി വരെ ആറിടങ്ങളിലായിരുന്നു പൊതു ദർശനം. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ കെ ശൈലജ എംഎൽഎ തുടങ്ങിയ നേതാക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.

Signature-ad

ഇതിനിടെ സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ ഉണ്ടായ പല അക്രമങ്ങളും പാര്‍ട്ടി ചെറുത്തില്ല എന്നും പ്രതി മൊഴി നല്‍കി.

വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. വടകര ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പില്‍, പേരാമ്പ്ര ഡിവൈ.എസ്.പി. ബിജു കെ.എം, കൊയിലാണ്ടി സി.ഐ. മെല്‍ബിന്‍ ജോസ്, അഞ്ച് എസ്.ഐമാര്‍, രണ്ട് എ.എസ്.ഐമാര്‍, രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെയാണ് ആയുധം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

സത്യനാഥന്റെ ശരീരത്തില്‍ 6  മുറിവുകളുണ്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാത്രി പത്തരമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ  ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

Back to top button
error: