HealthLIFE

ചൂടിനെ ചെറുക്കാന്‍ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍

പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളര്‍ച്ചയും വേനല്‍ക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തില്‍ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികള്‍ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാന്‍ ശരീരം പ്രവര്‍ത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാല്‍ വിശപ്പു കുറയുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്.

ജലാംശം അധികമുള്ള പഴങ്ങള്‍ ധാരാളമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തനാണ് ഇതിന് ഉത്തമ ഉദാഹരണം. തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നത് ചൂടില്‍ നിന്ന് രക്ഷതരും. തക്കാളി, പാവയ്ക്ക, പടവലം, വെണ്ടയ്ക്ക, വഴുതന, അമരയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂര്‍ക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്.

മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീര്‍, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും.

ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാല്‍ മുതിര, വന്‍പയര്‍, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടുകയാണ് ചെയ്യുന്നത്. ചൂടുകാലത്ത് മാംസാഹാരവും കൊഴുപ്പേറിയ ആഹാരവും ഫാസ്റ്റ് ഫുഡും കുറയ്ക്കണം. മദ്യം അടക്കം എല്ലാ ലഹരിയും വേനല്‍ക്കാലത്ത് ഒഴിവാക്കാം. ഐസ്‌ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവയും പരമാവധി കുറയ്ക്കാം.

ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. തിളപ്പിച്ച വെള്ളം മണ്‍കുടത്തില്‍വെച്ച് തണുപ്പിച്ചും കുടിക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി തുടങ്ങിയവ ചേര്‍ന്ന ദാഹശമിനികള്‍ ചേര്‍ക്കുന്നതും ഗുണംചെയ്യും. സംഭാരം, ലസ്സി, ഇളനീര്‍ എന്നിവയും ചൂടകറ്റാന്‍ സഹായിക്കും. വിയര്‍പ്പ് മൂലമുള്ള ലവണനഷ്ടത്തിനും പരിഹാരമാകും.

തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍വെള്ളം മികച്ചൊരു പ്രോബയോട്ടിക്സ് ഡ്രിങ്കാണ്. ദഹനപ്രശ്നങ്ങള്‍ക്കും വയര്‍വീര്‍ക്കലിനും മലബന്ധത്തിനും ഇത് ഉത്തമപരിഹാരമാണ്. കാലറി കുറഞ്ഞ ഈ പാനീയത്തില്‍ അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

 

Back to top button
error: