IndiaNEWS

ബിജെപി സ്ഥാനാര്‍ഥിയാകാന്‍ യുവരാജ് സിങ്? ഗുര്‍ദാസ്പുരില്‍നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍നിന്ന് താരം ജനവിധി തേടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ മുന്നോടിയായെന്നാണ് സൂചന. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടന്‍ സണ്ണി ഡിയോളാണ് ഗുര്‍ദാസ്പുരില്‍നിന്നുള്ള ലോക്‌സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവര്‍ത്തനത്തില്‍ വോട്ടര്‍മാര്‍ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Signature-ad

ബോളിവുഡ് നടന്‍ വിനോദ് ഖന്നയുും മുമ്പ് പാര്‍ലമെന്റില്‍ ഗുരുജാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലേക്കു പോയ മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിനു മുന്‍പ് മടങ്ങിയെത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. സിദ്ദു ബിജെപിയിലേക്കു തിരിച്ചെത്തിയാല്‍ അമൃത്‌സറില്‍നിന്നു മത്സരിക്കാനാണു സാധ്യത.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായക പങ്കുവഹിച്ചത്.

നിരവധി ക്രിക്കറ്റ് താരങ്ങള്‍ മുമ്പ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. നിലവില്‍ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ്. അതേസമയം, വാര്‍ത്തയെക്കുറിച്ച് യുവരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: