KeralaNEWS

കെ സുരേന്ദ്രന്റെ കേരളപദയാത്രയിലെ കേന്ദ്രവിരുധ പാട്ട്; വിശദീകരണം തേടി ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക പ്രചരണഗാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്കാരാണ് എന്ന വിമര്‍ശനം കടന്നുവന്നതില്‍ വിശദീകരണം തേടി ബിജെപി കേന്ദ്ര നേതൃത്വം.

കെ.സുരേന്ദ്രന്‍ എസ് സി, എസ് ടി വിഭാഗത്തിനൊപ്പം ഭക്ഷണം കഴിക്കുമെന്ന് പോസ്റ്റർ തയ്യാറാക്കിയതിലും നേതൃത്വം വിശദീകരണം തേടി.

“അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ” എന്ന് തുടങ്ങുന്ന കേന്ദ്ര സര്‍‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സംസ്ഥാന നേതൃത്വം വെട്ടിലായത്. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവന്നത്.

Signature-ad

അതേസമയം യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്ബോള്‍ തയ്യാറാക്കിയ പാട്ടാണ് ഇതെന്നാണ് കെ.സുരേന്ദ്രന്‍റെ വിശദീകരണം.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണത്തെ വിമർശിക്കുന്ന വരികളുള്ള ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘കെ.സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനമാണ്. ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നത്’ -പലരും പരിഹസിച്ചു.

അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്‌കരണമെന്ന് പറയുന്നതെങ്കിലും പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്‌’ എന്നെഴുതിയതാണ് കാരണം. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്നലെ നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് വിവാദമായത്. ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: