തിരുവനന്തപുരം; ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷ വിമര്‍ശനം. വീഡിയോ ചെയ്ത ഐടി സെല്ലിനെതിരെയാണ് വിമര്‍ശനം. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം’ എന്നാണ് വീഡിയോയില്‍ പറയുന്നത്. വിവാദമായതോടെ എസ്.സി- എസ്.ടി സെല്‍ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റര്‍ ബി.ജെ.പി കേരളം പേജില്‍ നിന്ന് നീക്കി.
പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്‌കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടി ബഹിഷ്‌കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ ബി. ഡി.ജെ.എസ് നേതാക്കള്‍ പങ്കെടുത്തില്ല. ജില്ലാ പ്രസിഡന്റ് ഗിരീഷ് പാമ്പനാല്‍, സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി നേതാക്കളുടെ ഫോട്ടോ മാത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചതിലും അമര്‍ഷമുണ്ട്.
കെ.സുരേന്ദ്രന്‍ എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു. അങ്ങനെയൊരു സംസ്‌കാരം ശരിയല്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.