IndiaNEWS

ബിജെപിക്ക് തുടർച്ചയായ തിരിച്ചടി ;മേയർ പദവിയും സുപ്രീം കോടതി അസാധുവാക്കി

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പില്‍ വരണാധികാരി ബിജെപി അംഗത്തെ വളഞ്ഞ വഴിയിലൂടെ മേയറാക്കിയ നടപടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് അസാധുവാക്കി.

ബാലറ്റുകള്‍ സുപ്രീം കോടതി നേരിട്ട് പരിശോധിക്കുകയും വരണാധികാരി നടത്തിയ അട്ടിമറി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവാക്കി വിധിക്കുകയും ചെയ്തു.

അസാധുവാക്കിയ എട്ട് ബാലറ്റും ഇന്ത്യ സഖ്യ സ്ഥാനാർഥിക്ക് ലഭിച്ചതായിരുന്നു. ഇത് സാധുവാക്കി എണ്ണി എഎപി-കോണ്‍ഗ്രസ് സ്ഥാനാർഥി വിജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാറിന്റെ വോട്ട് 12 ആയിരുന്നത് 20 ആയി. ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് 16 വോട്ടായിരുന്നു. ബിജെപി സ്ഥാനാർഥി മനോജ് സോഗറെ മേയറായി തിരഞ്ഞെടുത്ത വരണാധികാരിയുടെ തീരുമാനം റദ്ദാക്കിയാണ് സുപ്രീം കോടതി നടപടിയുണ്ടായത്.

Signature-ad

 

ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിലാണ് അതിനാടകീയതയ്ക്കൊടുവില്‍ ബിജെപി അംഗത്തെ മേയറാക്കി പ്രഖ്യാപിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ചണ്ഡിഗഢ് കോർപറേഷന്റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി എതിർസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്. ഹർജി സുപ്രീം കോടതി അടിയന്തരമായി കേള്‍ക്കാൻ തീരുമാനിക്കുകയും വരണാധികാരിയെ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെ അപകടം മണത്ത മനോജ് സോംഗർ കഴിഞ്ഞ ഞായറാഴ്ച അപ്രതീക്ഷിതമായി മേയർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

 

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ജെ.ബി. പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വസ്തുതാവിരുദ്ധമായ കാര്യം കോടതി മുമ്ബാകെ ധരിപ്പിച്ചതിന് വരണാധികാരിയായിരുന്ന അനില്‍ മസീഹിനെതിരെ ഇന്ത്യൻ ശിക്ഷാനിയമനം 340 പ്രകാരം ക്രിമിനല്‍ നടപടിക്ക് കോടതി ഉത്തരവിട്ടു.

 

എട്ട് വർഷം നീണ്ടുനിന്ന ചണ്ഡീഗഢിലെ ബി.ജെ.പി ഭരണത്തിന്റെ അന്ത്യം കൂടിയാണ് സുപ്രീം കോടതി വിധി. ഒരാഴ്ചയ്ക്കിടെ ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. ആദ്യം കേന്ദ്ര സർക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കി. ഇപ്പോള്‍ ചണ്ഡിഗഢ് മേയർ കേസിലും രാഷ്ട്രീയക്കളി സുപ്രീം കോടതി ഫലത്തില്‍ പൊളിക്കുകയായിരുന്നു.

Back to top button
error: