KeralaNEWS

തൃശൂരിലെ പാലയൂര്‍ പള്ളിയും പുത്തൻ പള്ളിയും കയ്യേറാൻ സംഘപരിവാര്‍ ശ്രമം, കോണ്‍ഗ്രസ് പ്രതിരോധിക്കും: ടിഎൻ പ്രതാപൻ എംപി

തൃശൂരിലെ പാലയൂർ പള്ളിയും പുത്തൻ പള്ളിയും കയ്യേറാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമം ഇവിടെ വിലപ്പോകില്ലെന്ന്  ടിഎൻ പ്രതാപൻ എംപി.

ഏഷ്യയിലെ ഏറ്റവും മനോഹരമായ പള്ളിയാണ് വ്യാകുല മാതാവിന്റെ ബസിലിക്ക. ഇത്തരത്തില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും ടിഎൻ പ്രതാപൻ പറ‍ഞ്ഞു.

പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിന്റെ പരാമർശം.അദ്ദേഹം വടക്കേ ഇന്ത്യയിൽ ജനിച്ചു വളർന്ന നേതാവല്ലല്ലോന്നും ഇത് കേരളമാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

Signature-ad

തേനും പാലും ഒഴുക്കിയാലും തൃശൂർ ആർക്കും വിട്ടുകൊടുക്കില്ല. ബിജെപിയെ തൃശൂരില്‍ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല.അരിയല്ല, പരിപ്പല്ല ഇനി പായസം കൊടുത്താലും തൃശൂരില്‍ ബി.ജെ.പിയ്ക്ക് മൂന്നാം സ്ഥാനമായിരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

നേരത്തെ, പ്രതിപക്ഷ നേതാവ് വിഡി സതീശനും പാലയൂർ പള്ളി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം ഇപ്പോള്‍ കേരളത്തിലും തുടങ്ങിയെന്ന് സതീശൻ പറഞ്ഞു. തൃശ്ശൂരില്‍ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച്‌ തൃശൂർ അതിരൂപതാ അധ്യക്ഷൻ ആൻഡ്രൂസ് താഴത്തും രംഗത്തെത്തിയിരുന്നു. ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 2000 വർഷത്തിന്റെ ചരിത്രം ക്രിസ്തുമതത്തിന് ഇന്ത്യയില്‍ ഉണ്ട്. പാലയൂർ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളില്‍ ഒന്നാണ്. ചരിത്രം പഠിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മാത്രമേ ഇതില്‍ പറയാനുള്ളൂവെന്നും ആർച്ച്‌ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആര്‍.വി ബാബുവിന്റെ പ്രതികരണം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബാബു ആരോപണമുയർത്തിയത്.

 ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ളതാണ് പള്ളി. മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി വാരികയില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആർവി ബാബു പറ‍ഞ്ഞിരുന്നു.

Back to top button
error: