FoodLIFE

തഴുതാമയുടെ ഔഷധഗുണങ്ങൾ 

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ.ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഒരു ഔഷധസസ്യമാണ്.
തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു.
തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.
നല്ല മലശോധനയുമുണ്ടാകാനും തഴുതാമ നല്ലതാണ്. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്.അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
 കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും.

തഴുതാമ കൊണ്ട് നമുക്ക് തോരൻ ഉണ്ടാക്കാം

തഴുതാമ തോരൻ:
തഴുതാമ അമർത്തി അളന്നെടുത്തത് – 3 കപ്പ്‌
പച്ചമുളക് അരിഞ്ഞത് -2
ഉള്ളി അരിഞ്ഞത് – 1 കപ്പ്‌
തേങ്ങ ചിരകിയത് – 1/2 കപ്പ്‌
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
വെളിച്ചെണ്ണ , കടുക്,ഉണക്കമുളക് -താളിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
തഴുതാമയുടെ ഇളയ ഇലകൾ തണ്ടോട് കൂടി നുള്ളിയെടുക്കണം.ഇത് കഴുകി അരിയുക.
ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്,ഉണക്കമുളക് എന്നിവ താളിക്കുക.ഇതിലേക്ക് ഉള്ളിയും,പച്ചമുളകും ചേർത്ത് വഴറ്റണം.
ഉള്ളി മൂക്കുമ്പോൾ തേങ്ങ ചേർത്ത് നിറം മാറാതെ വറുക്കുക.ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി ,ഉപ്പു (വളരെ കുറച്ചു മതി) എന്നിവ ചേർത്ത് ഇളക്കി മൂത്ത  മണം വരുമ്പോൾ അരിഞ്ഞു വച്ച തഴുതാമ ചേർത്തിളക്കുക.ഇടയ്ക്കിടെ ഇളക്കി ഇടണം .നന്നായി വെള്ളം തോർന്ന ശേഷം വാങ്ങാം.
#നാട്ടറിവ്#

Back to top button
error: