Social MediaTRENDING

തിരുവിതാംകൂറിലെ രാജഭരണം ആർക്കുവേണ്ടിയായിരുന്നു ? സിദ്ധു സിദ്ധാർത്ഥ് എഴുതുന്നു 

തിരുവിതാംകൂറിലെ രാജഭരണം ബ്രാഹ്മണർക്ക് വേണ്ടി ശൂദ്ര രാജാക്കന്മാർ നടത്തിപ്പോന്ന കിരാത വാഴ്ച്ച ആയിരുന്നു  .തലക്കരം , മുലക്കരം , മീശക്കരം , ഏണിക്കരം  , തളപ്പ്കരം   തുടങ്ങി നൂറിലേറെ നികുതികൾ ഏർപ്പെടുത്തി കൊണ്ടുള്ള ‘സനാതന’ ഭരണമായിരുന്നു അത്.
 ബഹുജനങ്ങളെ കൊണ്ട് ഊഴിയം വേലയും അടിമപ്പണിയും ചെയ്യിപ്പിച്ചു ഊട്ടുപുരകളിൽ നിന്ന് ശാപ്പാടും  അടിച്ച്  ഏമ്പക്കവും  വിട്ട് ബ്രാഹ്മണരും ശൂദ്രനും അർമാദിച്ചു കഴിഞ്ഞ കാലം. ഹിന്ദുക്കളുടെ സ്മൃതി ഗ്രന്ഥങ്ങൾ ആയിരുന്നു തിരുവിതാംകൂറിന്റെ നിയമസംഹിതയ്ക്ക് ആധാരം.
ഇതിന് ചെറിയതോതിൽ മാറ്റം വന്നു തുടങ്ങിയത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടുകൂടിയായിരുന്നു .
സഹോദരൻ  അയ്യപ്പൻ ജാതിഭാരതം എന്ന കവിതയിൽ എഴുതുന്നു
“പടിഞ്ഞാറൻ നാഗരികം
പടിഞ്ഞാറിന്റെ കോയ്മയും
തെല്ലൊന്നിളക്കിയങ്ങിങ്ങു
ജാതിക്രമ സനാതനം “
ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ  പിന്നോക്കക്കാരെയും ദളിതരെയും ഭരണതലത്തിലും സാമൂഹ്യതലത്തിലും പരമാവധി ഒഴിവാക്കാൻ ജാഗ്രത പാലിച്ചിരുന്നു . ഉന്നത നിലയിൽ വിദ്യാഭ്യാസം നേടി ചെന്ന ഡോക്ടർ പൽപ്പുവിന് പൊന്നു തമ്പുരാൻ ജോലി നിഷേധിച്ചു  . ചെത്താൻ പത്ത് തെങ്ങിൻമൂട് കരം ഒഴിവാക്കി തരാം എന്നും  പറഞ്ഞു  കേട്ടിട്ടുണ്ട് .
കെ ആർ നാരായണനോടും തിരുവിതാംകൂർ ഹിന്ദു രാജ്യം ഇതുതന്നെയാണ് ആവർത്തിച്ചത് . 1943ലാണ് കെ ആർ  നാരായണൻ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് 60% മാർക്ക് വാങ്ങി ബി എ ഓണേഴ്സ് പരീക്ഷ പാസായത്   . 60% മാർക്ക് നാരായണന് മാത്രമേ ലഭിച്ചുള്ളൂ . അത് വലിയൊരു അപൂർവ്വതയാണ്  .  തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായി ഒരു അധകൃത പയ്യൻ ഏറ്റവും കൂടുതൽ മാർക്കോട് പരീക്ഷ പാസായിരിക്കുന്നു . പത്രങ്ങൾ  കെ ആർ നാരായണന്റെ വിജയത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തു . അക്കാലത്ത് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിജയം നേടിയ കെ ആർ  നാരായണന് അധ്യാപക ജോലി കൊടുക്കുക എന്നത് ഒരു നിസ്സാര കാര്യമായിരുന്നു . ഇതെക്കുറിച്ച് ഒരിക്കൽ കെ ആർ നാരായണൻ തന്നെ പറഞ്ഞിട്ടുണ്ട്.
 “ഞാൻ ഗോവിന്ദൻ ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് ദിവാനെ ( സി പി രാമസ്വാമി അയ്യർ  ) പോയി കണ്ടത്. ഫസ്റ്റ് റാങ്കോടെ പാസ്സായതിന് യൂണിവേഴ്‌സിറ്റിയിൽ നിന്നും എനിക്കു തന്ന സ്വർണ്ണ മോതിരം അണിഞ്ഞുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്നത്. അത് ദിവാന് ഇഷ്ടമായില്ലെന്നു തോന്നുന്നു. യൂറോപ്പിൽ അയച്ചു പഠിപ്പിക്കാൻ ചില തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ എനിക്കു യൂണിവേഴ്സ‌ിറ്റിയിൽ ഒരു ലക്‌ചററായി ജോലി തരണമെന്ന് ഞാൻ അപേക്ഷിച്ചു. അത് സാധ്യമല്ലെന്നും സെക്രട്ടറിയേറ്റിൽ ജോലിതരാമെന്നും ദിവാൻ പറഞ്ഞു. ഒരു സെക്രട്ടറി ശ്രീ. ജി. പരമേശ്വരൻ പിള്ളയെ ചെന്നു കാണാൻ അദ്ദേഹം നിർദ്ദേശിച്ചു.”
“ഞാൻ ചീഫ് സെക്രട്ടറിയെ ചെന്നു കണ്ടു. 40-70 സ്കെയിലിൽ ഗുമസ്തൻ ആയി  നിയമിക്കാൻ ദിവാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എനിക്കത് സ്വീകാര്യമായിത്തോന്നിയില്ല. കാരണം ലക്ചററുടെ പ്രാരംഭശമ്പളം തന്നെ 70 രൂപയായിരുന്നു അന്ന്. ഇത് എന്നെ അവഹേളിക്കുന്നതിനു തുല്യമാകയാൽ ഞാൻ നിഷേധിച്ചു. തന്നെയുമല്ല സെക്രട്ടറിയേറ്റിൽത്തന്നെ ഇത്രയും ഉയർന്നശമ്പളമുള്ള മറ്റുജോലികൾ ഉണ്ടായിരുന്നു താനും “
ലക്ച്ചർ ആകാൻ ആഗ്രഹിച്ച കെ ആർ  നാരായണന് ഗുമസ്ത പണി . സി പി യിൽ നിന്ന് നീതി നിഷേധിച്ച നാരായണൻ മഹാരാജാവിനെ മുഖം കാണിക്കാൻ അനുവാദം  ചോദിച്ചു കൊണ്ട് കത്ത് അയച്ചു . കത്തിൽ ഫസ്റ്റ് റാങ്കോട് കൂടി ഓണേഴ്സ് പാസായ ഒരു ഹരിജൻ വിദ്യാർഥിയാണ് താനെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു  .
കത്ത് എഴുതി കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും മഹാരാജാവിന്റെ മറുപടി കിട്ടിയില്ല. ആയിടയ്ക്ക് അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി എൻ്റെ കത്തിനെക്കുറിച്ച് മറ്റൊരാളോട് പറഞ്ഞതായി ഞാനറിഞ്ഞു. എൻ്റെ പ്രവൃത്തി ധിക്കാരമായിപ്പോയി എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഈ കത്തിൻ്റെ കാര്യം പ്രൈവറ്റ് സെക്രട്ടറി ദിവാനോടും പറഞ്ഞത്രേ. ഇത്രയും കേട്ടപ്പോൾ രാജാവിന്റെ കയ്യിൽനിന്നു ബിരുദസർട്ടിഫിക്കറ്റു വാങ്ങാനുള്ള കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് എന്നെ എൻ്റെ അഭിമാനം വിലക്കി.”
“അന്നത്തെ കോൺവൊക്കേഷൻ ചടങ്ങിൽ ബ്രിട്ടീഷ് റസിഡന്റുമുണ്ടായിരുന്നു. ഡിഗ്രി വാങ്ങിയവരുടെ കൂട്ടത്തിൽ എന്നെ കാണാതിരുന്നപ്പോൾ, ഫസ്റ്റ് റാങ്ക് വാങ്ങിയ ആ പയ്യൻ എവിടെ?” എന്ന് റസിഡൻ്റ് തിരക്കി. അദ്ദേഹം പത്രങ്ങളിൽ നിന്നാണ് എന്നെക്കുറിച്ച് അറിഞ്ഞത്. ഞാൻ ചടങ്ങിൽ പങ്കെടു ക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ അധികൃതർ ചില ഒഴികഴിവുകൾ പറഞ്ഞു. ഈ വിവരം അറിഞ്ഞ ഞാൻ റസിഡൻ്റിനും ഒരു കത്തയച്ചു. അദ്ദേഹം എനിക്ക് കൂടിക്കാഴ്‌ചയ്ക്ക് സമയം തന്നു.
തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയിൽ തനിക്ക് ജോലി നൽകിയില്ലെന്നും ഡൽഹിയിലേക്ക് ജോലി തേടിപ്പോകാനുദ്ദേശിക്കുന്നുവെന്നും നാരായണൻ റസിഡന്റിനെ ധരിപ്പിച്ചു. ഉടൻതന്നെ അദ്ദേഹം 500 രൂപ ലോൺ അനുവദിച്ചു. ഈ തുകയുമായാണ് നാരായണൻ ഡൽഹിക്കു വണ്ടി കയറിയത്. ബ്രിട്ടീഷ് റസിഡന്റ് സായിപ്പ് ആയിരിക്കാം …
സഹോദരനെ അയ്യപ്പൻ പറഞ്ഞ വാക്കുകളാണ് ഓർമ്മ വരുന്നത്
“വെള്ളക്കാർ എത്ര സ്വേച്ഛാധികാരികളാണെന്ന്   പുറമേ തോന്നിയാലും അവർ വാസ്തവത്തിൽ ജനകീയ ആദർശക്കാരാണെന്നും    നാട്ടുകാർ എത്ര  ജനകീയാദർശപ്രസംഗകരായാലും അത് നടപ്പാക്കാൻ മനസ്സില്ലാത്തവരാണെന്നും ഊഹിക്കേണ്ടിവരും “
യൂണിവേഴ്‌സിറ്റിയിൽ നിന്ന് റിസൾട്ടു വന്നപ്പോൾ കിട്ടിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റുമായാണ് നാരായണൻ ഡൽഹിക്കു പോയത്. ഒറിജിനൽ സർട്ടിഫിക്കറ്റിനുവേണ്ടി അദ്ദേഹം ഒരിക്കലും യൂണിവേഴ്‌സിറ്റിയുടെ പടി ചവിട്ടിയില്ല.
50 വർഷത്തിനുശേഷം ഉപരാഷ്ട്രപതിയായി മടങ്ങിവന്ന നാരായണനോട് യൂണിവേഴ്‌സിറ്റി അധികൃതർ യാചിച്ചു:
“അങ്ങ് ഈ ബിരുദം സ്വീകരിക്കണം.” പ്രതികാര ചിന്തയില്ലാത്ത ആ വലിയ മനസ്സു പറഞ്ഞു. “ശരി!”
ഉപരാഷ്ട്രപതിയായതിനുശേഷം ആദ്യമായി കേരളത്തിൽ എത്തിയ
നാരായണൻ തനിക്കു ജോലി നിഷേധിച്ച സർവ്വകലാശാലയുടെ സെനറ്റ്ഹാളിൽ വച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്‌തത്.
50 വർഷം മുമ്പ് കൊടുക്കേണ്ടിയിരുന്ന ആ സർട്ടിഫിക്കറ്റിൽ ഒപ്പിടാനുള്ള ഭാഗ്യം ലഭിച്ചത് ഡോ: ബാബുപോളിനാണ്.
ശ്രീ പത്മനാഭൻ്റെ ഭരണം  വീണ്ടും   വരണമെന്ന് ആഗ്രഹിക്കുന്നവരോട്    ഡോ . ബി ആർ അംബേദ്ക്കറുടെ ഈ‌ വാക്കുകളിൽ കൂടി കേൾക്കാം:
” യൂറോപ്പിലെ ജനങ്ങൾക്ക് നവോത്ഥാന പ്രസ്ഥാനം എത്രയ്ക്ക് അനുഗ്രഹമായിരുന്നു അതുപോലെതന്നെ ആയിരുന്നു ഇന്ത്യയിലെ അസ്പൃശ്യർക് ബ്രിട്ടീഷ് വാഴ്ച്ചയും “
( കെ ആർ നാരായണർ :  ഇന്ത്യയുടെ വിശുദ്ധി : സുരേന്ദ്രൻ ചുനക്കര  , സഹോദരൻ അയ്യപ്പൻ്റെ പദ്യകൃതികൾ :  പൂയപ്പിള്ളി തങ്കപ്പൻ ,
കുമാരനാശാനും ജാതിവ്യവസ്ഥയും : ഡേ  . എസ് . ഷാജി    )

Back to top button
error: