KeralaNEWS

കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും; സുധാകരന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി ജോസഫ് വിഭാഗം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. പ്രസ്താവന യു.ഡി.എഫ് അണിക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവനയാണ് മുന്നണിയില്‍ കല്ലുകടിയ്ക്ക് ഇടയാക്കിയത്.

ഉഭയ കക്ഷി ചര്‍ച്ചയില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നല്‍കാന്‍ ധാരണയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം മാത്രം ബാക്കിനില്‍ക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് സീറ്റ് കോണ്‍ഗ്രസിന്റെതാണെന്ന് പറഞ്ഞത്. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്.

Signature-ad

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ഉദയകക്ഷി ചര്‍ച്ചയില്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കെ.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. കാര്യങ്ങള്‍ മനസിലാക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമാണെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ചര്‍ച്ചകള്‍ അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിന്റെ അതൃപ്തി മനസിലാക്കി കെ.പി.സി.സി പ്രസിഡന്റ് പിന്നീട് പ്രസ്താവന തിരുത്തി. അതേസമയം, സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നടക്കുന്ന വടംവലിയില്‍ കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. കേരള കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന സംവിധാനമില്ലെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം.

 

Back to top button
error: