ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാന്‍ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ‘ഒറ്റകക്ഷി’. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ 72 സീറ്റുകള്‍ നേടി. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവില്‍ പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്.
അതിനിടെ, പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആരൂമായും സഖ്യത്തിനു തയാറെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ് രംഗത്തെത്തി. എന്നാല്‍, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിനു തയാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാന്‍ ഖാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതല്‍ സീറ്റ് ഇമ്രാന്‍ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍എന്‍ ആണ്. പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നീ പ്രവിശ്യാ അസംബ്ലികളിലും പിടിഐ നേട്ടമുണ്ടാക്കി. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഫലപ്രഖ്യാപനം മണിക്കൂറുകള്‍ വൈകിയതോടെ ഫലം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നു. പലയിടത്തും പൊലീസും പിടിഐ അനുയായികളും ഏറ്റുമുട്ടി. ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയില്‍ പൊലീസ് വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു.
ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റ് വേണം. വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങള്‍ക്കുള്ള 10 സീറ്റും ജയിക്കുന്ന പാര്‍ട്ടികള്‍ക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി പിന്നീട് വീതിച്ചു നല്‍കും. ദേശീയ അസംബ്ലിയിലേക്ക് 5,121 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റില്‍ 593ലേക്കും വോട്ടെടുപ്പ് നടന്നു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം 12.85 കോടി. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്.