KeralaNEWS

129-മത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 ഞായർ മുതൽ 18 ഞായർ വരെ

കോഴഞ്ചേരി:ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 129-ാമത് സമ്മേളനം ഫെബ്രുവരി 11 ഞായർ മുതൽ 18 ഞായർ വരെ പമ്പാതീരത്തെ മാരാമൺ മണപ്പുറത്ത് നടത്തപ്പെടും.
ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2.30ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും.കൺവൻഷൻ സംഘാടകരായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.
എട്ട് ദിവസങ്ങളായി നടക്കുന്ന കൺവെൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ ഡോ ക്ലിയോഫസ് ജെ ലാറൂ (യുഎസ്എ), പ്രൊഫ മാകെ ജെ മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ജേക്കബ് മുരിക്കൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര എന്നിവർ മുഖ്യ പ്രസംഗകരാകും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വെരി റവ ഡോ ഷാം പി തോമസ്, റവ ബോബി മാത്യു എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ നടത്തുന്നതാണ്.
എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാന ശുശ്രൂഷയോടു കൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. ബുധനാഴ്ച രാവിലെ 9.30 ന് വിവിധ സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കുന്ന എക്യുമെനിക്കൽ സമ്മേളനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരി വിമോചന കൂട്ടായ്മയും, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സേവികാ സംഘത്തിന്റെയും പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സുവിശേഷ പ്രസംഗ സംഘത്തിന്റെ മിഷനറി യോഗമായിരിക്കും പന്തലിൽ നടക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 ന് യുവവേദി യോഗങ്ങളും പന്തലിൽ വച്ച് നടക്കുമെന്ന് സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ എബി കെ ജോഷ്വ പറഞ്ഞു.
കൺവൻഷൻ കാലയളവിൽ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.

Back to top button
error: