KeralaNEWS

വിവാഹ സമയത്ത് വരൻ മുങ്ങി, പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ കഥ വേറേ

     തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കണിച്ചാർ പാറയപ്പട്ടണം സ്വദേശിയായ യുവാവും കോളജിൽ സഹപാഠികളായിരുന്നു. വർഷങ്ങൾക്കു ശേഷം ഇരുവരും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടി. അങ്ങനെ പഴയ പരിചയം പുതുക്കി. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണെന്ന് യുവാവ്  പറഞ്ഞു. ആ സൗഹൃദം    പ്രണയത്തിലേയ്ക്കു വഴി തുറന്നു.  ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

പിന്നീട് രണ്ടുപേരും പല സ്ഥലങ്ങളിലും സംഗമിച്ചു. ‘ഭാവിജീവിതം’ ചർച്ച ചെയ്തു. പല പദ്ധതികളും പ്ലാൻ ചെയ്തു. വിവാഹ ദിവസം തീരുമാനിച്ചു. ആർക്കും വിയോജിപ്പുകളോ വിസമ്മതങ്ങളാ ഇല്ല. എല്ലാം അനുകൂലം. ഒടുവിൽ വിവാഹ നാൾ വന്നെത്തി. പക്ഷേ വിവാഹ  ചടങ്ങിന് വരൻ എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ഇല്ല. യുവതിയും ബന്ധുക്കളും പരിഭ്രാന്തരായി. അവർ വരനെ കണ്ടെത്തണമെന്ന ആവശ്യവുമായി  കേളകം പൊലീസിന്റെ സഹായം തേടി.

ബുധനാഴ്ച രാവിലെ 10 നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഇവർ കേളകം പോലീസ് സ്റ്റേഷനിലെത്തിയത്. യുവതിയിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വരന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് കഥ മാറി മറിഞ്ഞത്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും ബെംഗളൂരുവിലാണ് താമസമെന്നും വീട്ടുകാർ പറഞ്ഞു.

യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള വിവരം  പൊലീസ് യുവതിയെയും ബന്ധുക്കളെയും അറിയിച്ചതിനെത്തുടർന്ന് ഇവർ മടങ്ങിപ്പോയി. യുവാവിനെ കണ്ടെത്തിത്തരണമെന്ന് മാത്രമാണ് യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പരതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇത്തരം പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളും അതിനോടനു ബന്ധിച്ച് നാമ്പിടുന്ന പുതുപ്രണയങ്ങളും കണ്ണൂർ- കാസർകോട് ജില്ലകളിൽ പതിവായി മാറിയിട്ടുണ്ട്. പക്ഷേ അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് പഴയ സഹപാഠിയായ പുതിയ കാമുകനൊപ്പം വീടുവിട്ടവർ നിരവധി പേരാണ്.

Back to top button
error: