പുതുച്ചേരി: പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു.
അതിനാല്‍ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.