ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും നവാസ് ഷെരീഫിന്റെ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. ഫലം വൈകുന്നതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഈ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) രംഗത്തെത്തി.
13 മണിക്കൂര്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള്‍ 12 ദേശീയ അസംബ്ലി ഫലങ്ങളാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. ഇതില്‍ അഞ്ച് സീറ്റില്‍ പി.ടി.ഐയുടെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാലിടത്ത് നവാസ് ഷെരീഫിന്റെ പാര്‍ട്ടി വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേടി. ഫലം വൈകാന്‍ കാരണം ഇന്റര്‍നെറ്റ് തകരാറാണെന്ന് നേരത്തെ കമ്മിഷന്‍ അറിയിച്ചിരുന്നു.
സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എല്‍- എന്നും (പാകിസ്താന്‍ മുസ്ലിംലീഗ്- നവാസ്) നവാസ് ഷെരീഫിന്റെ മുഖ്യശത്രുവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്റെ പി.ടി.ഐയും തമ്മിലാണ് പ്രധാനമത്സരം. ഇമ്രാന്‍ഖാന്‍ നിലവില്‍ ജയിലിലാണ്.
ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാല്‍ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പി.പി.പിയും(പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി) ശക്തമായി മത്സരരംഗത്തുണ്ട്. നാഷണല്‍ അസംബ്ലിയിലെ 265 സീറ്റിലേക്കാണ് മത്സരം. 133 സീറ്റുനേടി കേവലഭൂരിപക്ഷമുറപ്പാക്കുന്ന കക്ഷിക്ക് അധികാരമുറപ്പിക്കാം. നാലു പ്രവിശ്യാനിയമസഭകളിലെ 593 സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.