തിരുവനന്തപുരം: സയന്‍സ് ഫെസ്റ്റിവലിലെ വൊളന്റിയറായ വിദ്യാര്‍ഥിനിയെ വീഡിയോ കോള്‍ ചെയ്ത് അശ്ലീലം പറഞ്ഞ സംഭവത്തില്‍ എഎസ്‌ഐയ്ക്ക് സ്ഥലം മാറ്റം. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ: എ.കെ. നസീമിനെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലേക്കാണു മാറ്റം. ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ വൊളന്റിയര്‍മാരായ പെണ്‍കുട്ടികള്‍ക്ക് നമ്പര്‍ നല്‍കിയിരുന്നത്. എന്നാല്‍, രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. വിളി പതിവായതോടെ ഇക്കാര്യം ചോദിക്കാന്‍ പെണ്‍കുട്ടി സഹവിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തി. വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ ഇയാള്‍, രംഗം വഷളാകുമെന്നു മനസ്സിലായതോടെ ഓടി രക്ഷപ്പെട്ടിരുന്നു.
അതേസമയം, വിദ്യാര്‍ഥിനിയോ ഫെസ്റ്റിവല്‍ അധികൃതരോ ഇയാള്‍ക്കെതിരെ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നസീമിനെതിരായ നടപടി വകുപ്പു തലത്തില്‍ത്തന്നെ ഒതുങ്ങുമെന്നാണു വിവരം. ആരോപണമുയര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഎസ്‌ഐ ജോലിക്കു ഹാജരായിട്ടില്ല. ഇതിനു മുന്‍പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഈ എഎസ്‌ഐയ്‌ക്കെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോപണമുണ്ട്.