മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. യുവതിയെ ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം .
കഴിഞ്ഞ ജനുവരി 25 ന് പുലര്‍ച്ചെയാണ് പട്ടാമ്പി വിളയൂര്‍,പേരടിയൂര്‍ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ജനലില്‍ ഷോളില്‍ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്റെ കമ്പികളില്‍ ഷാള്‍ പലതവണ തിരിച്ചു കെട്ടി കഴുത്തില്‍ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു.
മരണം കൊലപാതകമാണെന്നും ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണ്ണം കുറഞ്ഞു പോയി എന്നതുള്‍പ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് ഫൈസലിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ബന്ധം ചോദ്യംചെയ്തതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം യുവതി മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് അയച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കേസില്‍ അന്വേഷണം നടക്കുകയാണെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.