ന്യൂഡൽഹി: എസ്.എൻ.സി. ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് (ചൊവ്വ) പരിഗണിക്കും. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവ്‌ലിൻ കേസ് കേൾക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കഴിഞ്ഞ ആറുവർഷമായി സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല.
എസ്.എന്‍.സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുമ്പ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കേസിന്റെ നടപടികള്‍ ജുഡീഷ്യറിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വ്യക്തമാക്കിയത്. ലോക്‌സഭയില്‍ ഹൈബി ഈഡന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി ഇക്കാര്യം അന്ന് വ്യക്തമാക്കിയത്