വയര്‍, വന്‍കുടല്‍, ചെറുകുടലിന്റെ തുടക്കം തുടങ്ങിയ ഭാഗങ്ങളെല്ലാം എന്‍ഡോസ്കോപ്പി എന്ന സാങ്കേതികവിദ്യയിലൂടെ കാണാന്‍ കഴിയും. ഒപ്റ്റിക്ക് ഫൈബര്‍ കേബിളുകളാണ് എന്‍ഡോസ്കോപ്പിന്റെ പ്രധാന ഭാഗം. പ്രകാശം നേര്‍രേഖയില്‍ മാത്രമേ സഞ്ചരിക്കൂ എന്ന് നമുക്കറിയാം. അങ്ങിനെ സഞ്ചരിക്കുന്ന പ്രകാശത്തെ വളഞ്ഞ ഒരു സ്ഫടികനാരിലൂടെ കടത്തിവിടുന്ന സംവിധാനമാണ് ഒപ്റ്റിക്ക് ഫൈബര്‍. ഇന്നത്തെ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങളെല്ലാം ആശയങ്ങള്‍ കൈമാറുന്നത് ഒപ്റ്റിക്ക് ഫൈബര്‍ സംവിധാനങ്ങളിലൂടെയാണ്. അത്തരം രണ്ടോ മൂന്നോ ഒപ്റ്റിക്ക് ഫൈബറുകളാണ് എന്‍ഡോസ്കോപ്പിയില്‍ ഉപയയോഗിക്കുന്നത്. എന്‍ഡോസ്കോപ്പിലെ ഒരു കുഴലിലൂടെ പുറമേ നിന്നുള്ള പ്രകാശം ശരീരത്തിനുള്ളിലേക്ക് കടത്തുന്നു. ആന്തരാവയവങ്ങളെ പ്രകാശിതമാക്കുയാണ് ഇതിന്റെ ലക്ഷ്യം. പ്രകാശിതമായ ഈ ഭാഗത്തെ മറ്റൊരു ഒപ്റ്റിക്ക് ഫൈബര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. ഈ നിരീക്ഷത്തിനായി ഡോക്ടര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. ആധുനിക എന്‍ഡോസ്കോപ്പുകളില്‍ ചെറുക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. ക്യാമറയടങ്ങിയ എന്‍ഡോസ്കോപ്പിനെ കംമ്പ്യൂട്ടറുകളുമായ വേണമെങ്കില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഇതിലൂടെ ആന്തരാവയവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും സൂക്ഷിച്ച് വയ്ക്കാനും സാധിക്കുന്നു.
എന്‍ഡോസ്കോപ്പി എന്നത് ഒരു പൊതു പേരാണ്. ശരീരത്തിന്റെ ഏത് ഭാഗത്തെ നിരീക്ഷിക്കുന്നു എന്നതിനനുസരിച്ച് പേരില്‍ മാറ്റം വരുന്നുണ്ട്. വായിലൂടെ വയറിനുള്ളിലെ ഭാഗങ്ങളേയും ഭക്ഷണം കടന്നുപോകുന്ന കുഴലിനേയുമെല്ലാം പരിശോധിക്കാന്‍ കഴിയും. മലദ്വാരം വഴി എന്‍ഡോസ്കോപ്പ് ഉപയോഗിച്ച് വന്‍കുടലിനുള്ളിലെ കാഴ്ചകളും കാണാവുന്നതാണ്. ചെറുകുടലിനെ കാണാന്‍ ഉപയോഗിക്കുന്ന സംവിധാനത്തെ എന്ററോസ്കോപ്പി എന്നും വന്‍കുടലിനെ നിരീക്ഷിക്കുമ്പോള്‍ കോളനോസ്കോപ്പി എന്നും പേരുകള്‍ ഉപയോഗിക്കാറുണ്ട്. ഇതേ പോലെ ശരീരത്തിന്റെ ഏത് ഭാഗമാണോ നിരീക്ഷിക്കപ്പെടുന്നത് അതിനനുസരിച്ച് പേരിലും വ്യത്യാസം വരും എന്ന് മാത്രം. അള്‍സര്‍ പോലുള്ള രോഗങ്ങളെ തിരിച്ചറിയാനും വേണ്ട ചികിത്സ നല്‍കാനും എന്‍ഡോസ്കോപ്പി വളരെയധികം സഹായിക്കുന്നുണ്ട്.
ചിലതരം എന്‍ഡോസ്കോപ്പിക്ക് ഉപകരണങ്ങളില്‍ ചെറിയ തരത്തിലുള്ള ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഘടിപ്പിക്കാനും വ്രണങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുക തുടങ്ങിയ വളരെ ലഘുവായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും സാധിക്കും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചില അത്യന്താധുനിക എന്‍ഡോസ്കോപ്പുകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ക്യാപ്സൂള്‍ എന്‍ഡോസ്കോപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറുക്യാമറ, വൈദ്യുതിക്കുള്ള ഉപകരണങ്ങള്‍, ട്രാന്‍സ്മിറ്റര്‍, എല്‍.ഇ.ഡി ബള്‍ബ് തുടങ്ങിയവ ഘടിപ്പിച്ച ഗുളികരൂപത്തിലുള്ള എന്‍ഡോസ്കോപ്പാണിത്. ഒരു ഗുളിക കഴിക്കുന്ന പോലെ ഈ ക്യാപ്സൂളിനെ രോഗിക്ക് വിഴുങ്ങാം. ഏഴോ എട്ടോ മണിക്കൂറുകള്‍ക്ക് ശേഷം മലത്തോടൊപ്പം പുറത്ത് പോകുന്നതു വരെ ശരീരത്തിനുള്ളിലെ എല്ലാ ഭാഗത്തിന്റേയും നിരവധി ചിത്രങ്ങള്‍ ഈ യന്ത്രം പുറത്തേക്കയക്കുന്നു. ആധുനിക കാലഘട്ടത്തിലെ രോഗനിര്‍ണ്ണയം വളരെ
എളുപ്പമായിക്കൊണ്ടിരിക്കുകയാണ് എന്ന് സാരം.