CrimeNEWS

പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്

കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വിഷയം മാണി ഗ്രൂപ്പ് വഷളാക്കിയതില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

ക്ഷമ വേണം സമയമെടുക്കുമെന്നാണ് സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയ മാണി ഗ്രൂപ്പ് കൗണ്‍സിലറോട് ഇതാണ് പാലാ പൊലീസ് പറയുന്നത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയുടെ എയര്‍പോഡ് മോഷണം പോയത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. അപ്പോള്‍ തന്നെ ചീരങ്കുഴി പൊലീസില്‍ പരാതി നല്കിയിരുന്നെങ്കിലും ആദ്യ പരാതിയില്‍ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ പേരുണ്ടായിരുന്നില്ല.

Signature-ad

കഴിഞ്ഞ ദിവസം നല്‍കിയ രണ്ടാമത്തെ പരാതിയിലാണ് സിപിഎം നേതാവിന്റെ പേരുള്ളത്. ഈ വൈരുധ്യത്തെ കുറിച്ചാണ് പ്രധാനമായും പൊലീസിന്റെ പ്രാഥമിക അന്വേഷണം. എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലറുടെ വിശദീകരണം. വിഷയത്തില്‍ സംഘടനാപരമായി ഇടപെടില്ലെന്ന് മാണി ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍, പറഞ്ഞു തീര്‍ക്കമായിരുന്ന വിഷയം ഇത്രമേല്‍ സങ്കീര്‍ണമാക്കിയത് മാണി ഗ്രൂപ്പ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന അമര്‍ഷം പ്രാദേശിക സിപിഎം നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. വിഷയം പരിശോധിച്ച് പരിഹരിക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

വിവാദം ശക്തമാകുന്നതിനിടെ പുതിയ നഗരസഭ അധ്യക്ഷനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എയര്‍പോഡ് വിവാദം മുന്നണിയിലെ വോട്ടുകള്‍ ഭിന്നിപ്പിക്കാതിരിക്കാനുളള ശ്രമങ്ങളും സിപിഎമ്മും മാണി ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തനാകും ചെയര്‍മനാവുക.

 

Back to top button
error: