തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു അധിക സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റ് കൂടാതെ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് സീറ്റ് വിഭജന ചര്‍ച്ചയിലെ ലീഗിന്റെ ആവശ്യം.
കുറഞ്ഞത് മൂന്നു സീറ്റിന് അര്‍ഹതയുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലും ഇതേ ആവശ്യം ലീഗ് ഉന്നയിച്ചെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. തര്‍ക്കത്തിനോ വാദപ്രതിവാദത്തിനോ ഇല്ല. സീറ്റ് അനുവദിച്ചു സഹായിക്കണം പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, പി.എം.എ.സലാം, കെ.പി.എ.മജീദ് എന്നിവരുള്‍പ്പെട്ട ലീഗ് സംഘം ആവശ്യപ്പെട്ടു. ആഗ്രഹിക്കുന്ന സീറ്റ് ഏതാണെന്ന് ലീഗ് പറഞ്ഞില്ല.
ചര്‍ച്ച ചെയ്യാമെന്ന മറുപടി കോണ്‍ഗ്രസ് നേതൃത്വം നല്‍കി. തങ്ങളുടെ പരിമിതികളും പറഞ്ഞു. കെ.സുധാകരന്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ പങ്കെടുത്തു. യുഡിഎഫ് യോഗം ചേരുന്ന ഫെബ്രുവരി അഞ്ചിനു മുന്‍പ് ധാരണയില്‍ എത്തിച്ചേരാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. ജെഎസ്എസ്, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്നലെ നടന്നു.